ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുന്ന സ്വരത്തില്‍ സംസാരിച്ച് പാര്‍ട്ടിക്കുള്ളില്‍ കോലാഹലമുണ്ടാക്കിയ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ മോഡിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. റഫാല്‍ ഇടപാടില്‍ പൊതുജനം മോഡിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയിക്കില്ലെന്നായിരുന്നു പവാര്‍ നേരത്തെ പറഞ്ഞത്. ഇതുകാരണം ഉണ്ടായ കോലാഹലം ശമിപ്പിക്കാനാണ് ഇന്ന് നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തു വന്നത്. ഞാന്‍ മോഡിയെ പിന്തുണച്ചു എന്നു പറഞ്ഞ് ചിലര്‍ എന്നെ വിമര്‍ശിച്ചു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണച്ചിട്ടില്ല. ഒരിക്കലും പിന്തുണയ്ക്കുകയുമില്ല- പാര്‍ട്ടി യോഗത്തില്‍ പവാര്‍ വ്യക്തമാക്കി. റഫാല്‍ ഇടപാട് സംബന്ധിച്ച തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ റഫാല്‍ പോര്‍വിമാനം വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വില 650 കോടി രൂപയില്‍ നിന്ന് 1600 കോടി രൂപ ആയത് എങ്ങനെ എന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. റഫാല്‍ ഇടാപട് പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നും 36 പോര് വിമാനങ്ങളുടെ വില മോഡി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പവാറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വലിയ കോലാഹലത്തിനിടയാക്കിയതാണ് വിശദീകരണം നല്കാന് അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്ന് കരുതപ്പെടുന്നു. മോഡിയെ അനുകൂലിച്ചെന്നു ചൂണ്ടിക്കാട്ടി പവാറിനൊപ്പം പാര്‍ട്ടി രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുതിര്‍ന്ന നേതാവ് താരിഖ് അന്‍വര്‍, ജനറല്‍ സെക്രട്ടറി മുനാഫ് ഹക്കിം എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു. റഫാല്‍ അഴിമതി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് മോഡി സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുള്ളപ്പോള്‍ പ്രതിപക്ഷ സഖ്യത്തിലെ മുഖ്യ കക്ഷികളിലൊന്നായ് എന്‍.സി.പി റഫാല്‍ ഇടപാടില്‍ മോഡിയെ അനൂകൂലിക്കുന്ന തരത്തില്‍ സംസാരിച്ചത് കോണ്‍ഗ്രസുമായുള്ള ബന്ധത്തേയും പവാറിന്റെ പ്രസ്താവന ബാധിക്കുമോ എന്ന ശങ്കയുണ്ടായിരുന്നു. ഇക്കാര്യ ചൂണ്ടിക്കാട്ടി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഹുല്‍ ഗാന്ധിക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്തു. പവാറിന്റെ പ്രവസ്താവന സാഹചര്യത്തില്‍ നിന്നും അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചതാണെന്ന് എന്‍.സി.പി പിന്നീട് വിശദീകരണം നല്‍കിയിരുന്നു.