Sorry, you need to enable JavaScript to visit this website.

നാളികേരോൽപ്പന്ന വിപണി തളർച്ച തുടരുന്നു

കൊച്ചി - നാളികേകോൽപ്പന്നങ്ങൾ തളർച്ചയിൽ നിന്ന് തിരിച്ചു വരവിന് നടത്തിയ ശ്രമം വിജയിച്ചില്ല. മില്ലുകളിൽ നിന്ന് കൊപ്രക്ക് ആവശ്യം കുറഞ്ഞത് വിപണിയെ പ്രതിസന്ധിലാക്കി. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ സംഘടിതമായി വെളിച്ചെണ്ണ വില ഉയർത്താൻ നീക്കം നടത്തിയെങ്കിലും കേരളത്തിൽ നിന്ന് എണ്ണക്ക് അന്വേഷണങ്ങൾ കുറഞ്ഞത് വിലയെ ബാധിച്ചു. സെപ്റ്റംബർ ആദ്യം കാങ്കയത്ത് കൊപ്രക്ക് പതിനായിരം രൂപയുടെ താങ്ങ് നഷ്ടപ്പെട്ടപ്പോൾ തന്നെ ദക്ഷിണേന്ത്യൻ വിപണി പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായിരുന്നു. തമിഴ്‌നാട്ടിൽ കൊപ്ര 9400 രൂപയിലാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,000 രൂപയിലും കൊപ്ര 10,010 രൂപയിലും ക്ലോസിങ് നടന്നു. 
ഈ വാരം മാസാരംഭ ഡിമാന്റിനെ ഉറ്റുനോക്കുകയാണ് തമിഴ്‌നാട്ടിലെ മില്ലുകാർ. ചരക്ക് നീക്കം കുറച്ച് എണ്ണ വില കൃത്രിമമായി ഉയർത്താൻ അവർ ശ്രമം നടത്താം. സ്‌റ്റോക്കുള്ള വെളിച്ചെണ്ണ ഏത് വിധേനയും വിറ്റഴിക്കാനുള്ള നീക്കത്തിലാണവർ. കൊപ്ര സംഭരിക്കാതെ എണ്ണ വിൽപ്പന നടത്തുന്നതിനാൽ കാർഷിക മേഖല കൂടുതൽ പ്രതിസന്ധിയിലകപ്പെടും. 
സംസ്ഥാനത്ത് റബർ ഷീറ്റിന് ക്ഷാമം നേരിട്ടെങ്കിലും നിരക്ക് ഉയർത്താൻ ടയർ കമ്പനികൾ തയ്യാറായില്ല. കാർഷിക മേഖലകളിൽ റബർ സ്‌റ്റോക്ക് ചുരുങ്ങിയതിനാൽ വിപണി ചൂടുപിടിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉൽപാദകർ. ടയർ വ്യവസായികൾ നാലാം ഗ്രേഡ് ഷീറ്റ് വില 100 രൂപ കുറച്ച് 12,800 ന് ശേഖരിച്ചു. അഞ്ചാം ഗ്രേഡ് റബർ വില 12,400 രൂപ. 
ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക മത്സരിച്ച് ശേഖരിച്ചു. ലേല കേന്ദ്രങ്ങളിൽ ഏലത്തിന് ആവശ്യം ഉയർന്നത് ഉൽപ്പന്നത്തിന് കരുത്തായി. ഏലത്തോട്ടങ്ങൾക്ക് നേരിട്ട കൃഷിനാശം മൂലം ഉൽപാദനം അമ്പത് ശതമാനം വരെ കുറയുമെന്നാണ് കാർഷിക മേഖലകളിൽ നിന്നുള്ള വിവരം. ഏലത്തിന് ക്ഷാമം നേരിടുമെന്ന ആശങ്കയിലാണ് വാങ്ങലുകാർ. മികച്ചയിനം ഏലക്ക കിലോ 1550 രൂപയിലാണ്. മുൻവാരം നിരക്ക് 2257 വരെ ഉയർന്നിരുന്നു. 
കുരുമുളക് വിലയിൽ നേരിയ മുന്നേറ്റം. അന്തർ സംസ്ഥാന വ്യാപാരികൾ മുളക് വാങ്ങിയെങ്കിലും വൻ ഓർഡറുകളുടെ അഭാവം കുതിപ്പിന് തടസമായി. ഇടുക്കി, വയനാട് ഭാഗങ്ങളിൽനിന്ന് കുറഞ്ഞ അളവിലാണ് കുരുമുളക് വിൽപ്പനക്ക് ഇറങ്ങിയത്. വിദേശ അന്വേഷണങ്ങൾ നിലച്ചതിനാൽ കയറ്റുമതിക്കാർ രംഗത്തില്ല. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5650 ഡോളർ. വിയറ്റ്‌നാമും ബ്രസീലും കുരുമുളക് താഴ്ന്ന വിലക്ക് വിൽപ്പന നടത്തുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 40,100 രൂപ. ആഭ്യന്തര ആവശ്യം കുറഞ്ഞത് ചുക്ക് വില കുറച്ചു. മാർക്കറ്റിൽ ചരക്ക് വരവ് കുറവാണെങ്കിലും ഡിമാന്റ് മങ്ങിയത് മൂലം വിവിധയിനം ചുക്കിന് 500 രൂപ താഴ്ന്നു.  മീഡിയം ചുക്ക് 17,000 രൂപയിലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലും ക്ലോസിങ് നടന്നു.   
സ്വർണ വില താഴ്ന്നു. 22,960 രൂപയിൽ  വിൽപ്പനക്ക് തുടക്കം കുറിച്ച പവൻ 22,640 ലേക്ക് താഴ്ന്ന ശേഷം ശനിയാഴ്ച്ച 22,760 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1180 ഡോളർ വരെ താഴ്ന്ന അവസരത്തിൽ ഡോളറിന്റെ വിനിമയ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളെ തുടർന്ന് നിക്ഷേപ താൽപര്യം കനത്തതോടെ വാരാന്ത്യം നിരക്ക് 1192 ഡോളറായി കയറി.

 

Latest News