കൊച്ചി - ജർമനി, റഷ്യൻ വിപണികളിൽ സ്വാധീനമുറപ്പിച്ച കേരളത്തിന്റെ തനത് ആയൂർവേദത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രിയമേറുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അനേകം സഞ്ചാരികൾക്കാണ് സംസ്ഥാനം പാരമ്പര്യ ആയൂർവേദ സുഖചികിത്സ പ്രദാനം ചെയ്യുന്നത്.
ആയൂർവേദ സുഖ ചികിത്സക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി വർധനവുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായ കെടിഎം 2018 ൽ പങ്കെടുക്കുന്ന ആയൂർവേദ ആശുപത്രി, റിസോർട്ട് മേഖലയിലുള്ളവർ പറയുന്നു.
ഈ കാലയളവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതായി കെടിഎം പ്രസിഡന്റും സോമതീരം ആയൂർവേദ ഗ്രൂപ്പ് ചെയർമാനുമായ ബേബി മാത്യു പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടത്തിയ ബൃഹത്തായ പ്രചാരണപ്രവർത്തനങ്ങളുടെ ഫലമാണിത്. ഇതിനുമുമ്പൊന്നും ഇത്തരം പ്രവർത്തനങ്ങൾ അവിടെ ഉണ്ടായിരുന്നില്ല. അഞ്ചു വർഷത്തിനു മുൻപാണ് ആദ്യമായി അറേബ്യൻ ട്രാവൽ മാർട്ടിൽ സുഖചികിത്സയെ അധികരിച്ച പ്രദർശനം സംഘടിപ്പിച്ചത്.
ഇതുകൂടാതെ ഇവിടുത്തെ നിരവധി ആയൂർവേദ കേന്ദ്രങ്ങൾ ഗൾഫ് രാജ്യങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. അന്നാട്ടുകാർക്ക് അതുകൊണ്ടാണ് ആയൂർവേദത്തിൻറെ നേട്ടങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത്. എങ്കിലും ദീർഘ ചികിത്സകൾക്കായി ഇപ്പോൾ അവർ കേരളത്തിലേക്കുതന്നെ എത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആയൂർവേദ സുഖചികിത്സയുടെ സ്വാധീനം വർധിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തിയതുകൊണ്ടാണ് ഇപ്പോൾ ജർമ്മനിയിലും റഷ്യയിലും ചുവടുറപ്പിക്കാൻ കഴിഞ്ഞത്. വരുംദിനങ്ങളിൽ ഗൾഫ് രാജ്യങ്ങളിലും ആയുർവേദത്തിന് ഈ പാത പിന്തുടരാനാവുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ സാഹചര്യങ്ങൾ അനുകൂലമാണെന്നും വിനോദ സഞ്ചാരികൾ കുടുംബ ഡോക്ടർമാരെപ്പോലെയാണ് ആയൂർവേദ ഫിസിഷ്യൻമാരെ സമീപിക്കുന്നതെന്നും പെരുമ്പാവൂർ വൈദ്യ ഹെൽത്ത് കെയർ എംഡി ഡോ. കിരൺ ബി നായർ പറഞ്ഞു.