മീററ്റ്- മുസ്ലിം യുവാവുമായി സൗഹൃദം സ്ഥാപിച്ചതിന് സംഘ്പരിവാർ പ്രവർത്തകരുടെ ക്രൂര പീഡനത്തിന് ഇരകളായ യുവാവിനെയും യുവതിയെയും മർദ്ദിച്ച പോലീസുകാർക്ക് വി.ഐ.പി ട്രാൻസ്ഫർ. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കുന്നുവെന്ന് തോന്നിപ്പിച്ച് യു.പി സർക്കാർ പോലീസുകാരെ സ്ഥലം മാറ്റിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരിലേക്ക്. അതേസമയം, ഈ പോലീസുകാർക്കെതിരെ എഫ്.ഐ.ആർ പോലുമിടാൻ അധികൃതർ തയ്യാറായില്ല. ഇതിന് പുറമെ, യുവാവിനെയും യുവതിയെയും അക്രമിച്ച സംഘ്പരിവാർ പ്രവർത്തകർക്കെതിരെയും ഇതേവരെ പോലീസിന്റെ ഭാഗത്ത്നിന്ന് ഒരു നടപടിയുമുണ്ടായില്ല. വീണ്ടും അക്രമം ഉണ്ടാകുമോ എന്ന് ഭയന്ന് മീററ്റിലേക്ക് വരാൻ പോലും ഇവർക്ക് സാധിച്ചിട്ടില്ല. എന്നാൽ അക്രമികൾ ഇപ്പോഴും ഇവിടെ സൈ്വര്യവിഹാരം നടത്തുകയാണ്. കാന്തി യാത്രയുടെ തിരക്കുള്ളതിനാലാണ് ഈ കേസിൽ നടപടി വൈകുന്നത് എന്നാണ് പോലീസ് ഭാഷ്യം.
അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ് പോലീസുകാരെ സ്ഥലംമാറ്റിയത് എന്നാണ് യു.പി ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഒ.പി സിംഗ് പറയുന്നത്. എന്നാൽ പോലീസുകാർക്ക് കൂടി സൗകര്യപ്രദമായ തരത്തിൽ ട്രാൻസ്ഫർ നടത്തുകയായിരുന്നു അധികൃതർ.
തനിക്ക് നിരന്തരം ഭീഷണി ഫോൺ സന്ദേശങ്ങൾ വരുന്നുണ്ടെന്നും കോളേജിൽ എത്തിയാൽ തന്നെ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്നും മർദ്ദനത്തിനിരയായ യുവാവ് പറഞ്ഞു. കുറ്റാരോപിതരായവരുടെ ബന്ധുക്കളാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ജീവനിൽ ഭയമുള്ളതിനാൽ കോളേജിലേക്ക് പോകുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ സെപ്തംബർ 23നാണ് യുവാവ് മർദ്ദനത്തിനിരയായത്. യുവാവിന്റെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ എത്തിയതായിരുന്നു യുവതി. എന്നാൽ സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചു. യുവതിയെ പോലീസുകാരെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാനിനകത്ത് വെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ അധികൃതർ ഒരു നടപടിയും എടുക്കാതെ മുന്നോട്ടുപോകുകയാണ്.