ജക്കാര്‍ത്ത- ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തിയേറിയ ഭൂകമ്പത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണ പ്രതീക്ഷിച്ചതിലും അപ്പുറത്ത്. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തുവിട്ട ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം മരണ സംഖ്യ 832 ആയി ഉയര്‍ന്നു. നാന്നൂറോളം പേര്‍ മരിച്ചെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. ഇവയ്ക്കു മുകളിലൂടെയാണ് സുനാമിയും ആഞ്ഞടിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ ഇനിയുമെത്താത്ത നിരവധി പ്രദേശങ്ങളുണ്ട്. മരണ സംഖ്യ ഇനിയും ഉര്‍ന്നേക്കാമെന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് യുസുഫ് കല്ല പറഞ്ഞു. കൂടുതല്‍ മരണങ്ങളും തീരദേശ നഗരമായ പാലുവിലാണ്. ഇവിടെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. ഓരോ മിനിറ്റിലും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചാണ് ഇവിടെ. അതിനിടെ പാലുവില്‍ കുടിവെള്ളത്തിനും ഭക്ഷ്യവസ്തുക്കല്‍ക്കും രൂക്ഷമായ ക്ഷാമമാണ്. കടകളും സൂപ്പര്‍മാര്‍ക്കറ്റുകളെല്ലാം വ്യാപകമായി കൊള്ളയടിക്കപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു.
ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡൊ ഞായറാഴ്ച മേഖലയില്‍ എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിച്ചുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. തകര്‍ന്ന ഒരു നക്ഷത്ര ഹോട്ടലില്‍ നൂറ്റമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കപ്പെടുന്നു. ഇവരിലുള്‍പ്പെട്ട ഒരു സ്ത്രീയെ കഴിഞ്ഞ ദിവസം രാത്രി ജീവനോടെ രക്ഷിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിലവിളികള്‍ കേട്ടതായും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.
കാണാതായ നിരവധി പേരെ കുറിച്ചാണ് ആശങ്കയുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. പാലുവില്‍ ബീച്ച് ഫെസ്റ്റിവലിനായി തയാറെടുപ്പുകള്‍ നടത്തിയിരുന്ന നൂറുകണക്കിനാളുകളെയാണ് വെള്ളിയാഴ്ചത്തെ ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായിരുന്നത്. ഭുകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും വൈകാതെ അധികൃതര്‍ ഇതു പിന്‍വലിച്ചു. ഇതോടെ പലരും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറിപ്പോയില്ല. കാണാതായ ബന്ധുക്കളെ കണ്ടെത്താന്‍ പലരും ഫേസ്ബുക്ക് പേജ് ആരംഭിച്ച് വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഭൂകമ്പം ഉണ്ടാകുമ്പോള്‍ പാലുവില്‍ 61 വിദേശകളുണ്ടായിരുന്നെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷം പേരും സുരക്ഷിതരാണ്.