വാഷിംഗ്ടണ്‍- ഇലക്ട്രിക് വാഹനനിര്‍മാണ രംഗത്തെ ആഗോള കമ്പനിയായ ടെസ്ലയുടെ ചെയര്‍മാന്‍ എലോണ്‍ മസ്‌ക് സ്ഥാനമൊഴിയുന്നു. കമ്പനിയുടെ ഓഹരി കൈമാറുന്നുവെന്ന തരത്തില്‍ ട്വീറ്റ് നടത്തി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തിലാണ് രാജി.
ട്വീറ്റിന്റെ പേരില്‍ ടെസ്ലയും മസ്‌ക്കും രണ്ടു കോടി ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് സെക്യൂരിറ്റി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കമ്മീഷനുമായുള്ള ധാരണ പ്രകാരം മൂന്നു വര്‍ഷമെങ്കിലും മസ്‌കിന് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കേണ്ടി വരും.
ഓഗസ്റ്റ് ഏഴിനാണ് മസ്‌ക് വിവാദ ട്വീറ്റ് നടത്തിയത്. പബ്ലിക് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ടെസ്ലയെ പൂര്‍ണമായും സ്വകാര്യ കമ്പനിയാക്കുകയാണെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. മറ്റു ഉടമകളുമായി ആലോചിക്കാതെയാണ് സ്വകാര്യ ലിസ്റ്റിംഗിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തിയത്. സ്വകാര്യ ഫണ്ട് ഉറപ്പാക്കിയെന്ന ട്വീറ്റിനുശേഷം ടെസ്‌ല ഓഹരി വില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ ഫണ്ട് ഉറപ്പാക്കിയിട്ടില്ലെന്നും വ്യാജ പ്രസ്താവനയാണെന്നും ചൂണ്ടിക്കാട്ടി സെക്യൂരിറ്റി കമ്മീഷന്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 45 ദിവസത്തിനകം മാറുമെന്നും രണ്ട് കോടി ഡോളര്‍ പിഴ നല്‍കാമെന്നുമാണ് എലോണ്‍ മസ്‌ക് സെക്യൂരിറ്റി കമ്മീഷനുമായി ധാരണയിലെത്തിയത്. ഇതിന് കോടതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.