Sorry, you need to enable JavaScript to visit this website.

വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ല; ചുമ്മാ പേടിപ്പിക്കുകയാണെന്ന് തനുശ്രീ

മുംബൈ- ബോളിവുഡ് നടന്‍ നാനാ പഠേക്കറുടെ വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്ത പറഞ്ഞു. 2008-ല്‍ ഹോണ്‍ ഒ.കെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് നാനാ പഠേക്കര്‍ തന്നെ പീഡിപ്പിച്ചുവെന്ന നടിയുടെ ആരോപണം വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമാണിതെന്നും തനുശ്രീ പറഞ്ഞു. പുതിയ പശ്ചാത്തലത്തില്‍ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നും അവര്‍ പറഞ്ഞു. ചുമ്മാ ഭീഷണിപ്പെടുത്താതെ വക്കീല്‍ നോട്ടീസ് അയക്കുകയാണ് വേണ്ടത്. അതുകൊണ്ട് താന്‍ എന്താണ് ചെയ്യുകയെന്ന് കാണാം -നടി പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, തനുശ്രീ ദത്തയെ പിന്തുണച്ച് നടി പ്രിയങ്ക ചോപ്ര രംഗത്തു വന്നു. തനുശ്രീയെ അനുകൂലിച്ച് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അഖ്തര്‍ ട്വിറ്ററില്‍ നല്‍കിയ പോസ്റ്റ് റീട്വീറ്റ് ചെയ്താണ് പ്രിയങ്കയുടെ പ്രതികരണം. എന്നാല്‍ ലോകത്തിനു വേണ്ടത് അതിജീവിക്കുന്നവരില്‍ വിശ്വസിക്കുന്നവരെയാണെന്ന പ്രിയങ്കയുടെ ട്വീറ്റിനോട് വ്യത്യസ്തമായാണ് തനുശ്രീ പ്രതികരിച്ചത്. അതിജീവിച്ചയാളായി ചെറുതാകാനില്ല. എനിക്കൊരു പേരുണ്ട്. പറയാനൊരു കഥയും. അതിലൊരു സത്യവുമുണ്ട്. അതില്‍ നിന്ന് മുക്തമാവാന്‍ ശ്രമിക്കുകയാണെന്നും വരാനുള്ള തലമുറക്ക് കൂടി വേണ്ടിയാണ് തന്റെ പ്രതികരണമെന്നും തനുശ്രീ വ്യക്തമാക്കി.
അതിനിടെ, പ്രശസ്ത സംവിധായിക ഫറാ ഖാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വിവാദമായി. ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹൗസ്ഫുള്‍ എന്ന ചിത്രത്തില്‍ നാനാ പഠേക്കറും പ്രധാന വേഷം ചെയ്യുന്നുണ്ട്. നാനാ പഠേക്കര്‍ക്കും മറ്റ് നടിമാര്‍ക്കുമൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനാണ് ഫറാ ഖാന് പഴി.  
ഫറാ ഖാന്റെ പോസ്റ്റ് കണ്ട് നടുങ്ങി എന്നായിരുന്നു തനുശ്രീയുടെ പ്രതികരണം. ഒരു സ്ത്രീ ആയിട്ട് കൂടി ആരുടെ ഭാഗത്താണ് അവര്‍ നില്‍ക്കുന്നതെന്ന് പകല്‍വെളിച്ചം പോലെ എല്ലാവര്‍ക്കും മനസ്സിലായി. ഫറായുടെ ആരാധകരും സംവിധായികക്കെതിരെ രംഗത്തു വന്നിരുന്നു.
തനുശ്രീക്ക് സംഭവിച്ചതിന് സാക്ഷിയാണെന്ന് വെളിപ്പെടുത്തി ജാനിസ് സെക്വയ്‌റ എന്ന മാധ്യമ പ്രവര്‍ത്തക രംഗത്തു വന്നു. തനുശ്രീക്ക് സംഭവിച്ചതെല്ലാം സത്യമാണെന്നും നാനാ പഠേക്കര്‍ കുറ്റക്കാരനാണെന്നും മുന്‍ ആജ് തക് റിപ്പോര്‍ട്ടറായ അവര്‍ ട്വീറ്റ് ചെയ്തു.  
പ്രിയങ്കയുടെ ബന്ധുവും നടിയുമായ പരിണീതി ചോപ്രയും തുനശ്രീക്ക് പിന്തുണയുമായി എത്തി. അതിജീവിച്ചവര്‍ അതിജീവിച്ചവര്‍ തന്നെയാണ്. അവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നായിരുന്നു പരിണീതിയുടെ ട്വീറ്റ്.

 

Latest News