പ്രതിഷേധം ശക്തം; ഏഴു പേര്‍ക്ക് വിട
ഖാന്‍ യൂനിസ്- ഇസ്രായില്‍ സൈന്യം കൊലപ്പെടുത്തിയ ഏഴു പേര്‍ക്ക് ഗാസയില്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ വിട ചൊല്ലി. ഇസ്രായിലിനും അമേരിക്കക്കുമെതിരെ മുദ്രാവാക്യം മുഴക്കിയ അവര്‍ പകരം ചോദിക്കുമെന്ന് വ്യക്തമാക്കി. ഗാസക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെ, ഈജിപ്തിന്റെ ഭാഗത്തു നിന്നുള്ള വിട്ടുവീഴ്ചക്കായി ഹമാസ് പ്രതിനിധി സംഘം കയ്‌റോയിലേക്ക് പോയി.
നാലു മാസമായി പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും തുടരുന്ന ഫലസ്തീനികള്‍ക്കു നേരെ രൂക്ഷമായ ആക്രമണമാണ് വെള്ളിയാഴ്ച ഇസ്രായില്‍ സേന നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരു 11 വയസ്സുകാരനും 14 വയസ്സുകാരനും ഉള്‍പ്പെടുന്നു. ഗാസ-ഇസ്രായില്‍ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 144 പേരാണ് കൊല്ലപ്പെട്ടത്.
2007 ല്‍ ഗാസയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്ത ശേഷം ഇസ്രായിലും ഈജിപ്തും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഹമാസ് പുതിയ പ്രക്ഷോഭം തുടങ്ങിയത്. ഗാസയുടെ സമ്പദ്ഘടനയെ പൂര്‍ണമായും തകര്‍ക്കുന്നതാണ് ഉപരോധം. ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കവും സ്തംഭിച്ചതിനെ തുടര്‍ന്നാണ് ഹമാസ് പ്രക്ഷോഭത്തിന്് ആഹ്വാനം ചെയ്തത്. എന്നാല്‍ പ്രക്ഷോഭത്തിന്റെ മറവില്‍ ഹമാസ് ഭീകര പ്രവര്‍ത്തനം നടത്തി പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നാണ് ഇസ്രായിലിന്റെ ആരോപണം.
ഹമാസിന്റെ ആഹ്വാന പ്രകാരം ആയിരക്കണക്കിന് ഗാസക്കാരാണ് വെള്ളിയാഴ്ച പ്രതിഷേധ പ്രകടനത്തില്‍ സംബന്ധിച്ചിരുന്നത്. ഇസ്രായില്‍ സേന നാല് പേരെ കൊലപ്പെടുത്തിയ ഗാസ സിറ്റിയുടെ കിഴക്ക് പ്രക്ഷോഭകര്‍ അതിര്‍ത്തി വേലി തകര്‍ത്തിരുന്നു. ഇവിടെ ഇസ്രായില്‍ ഭൂമിയല്‍ സാഷ്ടാംഗം ചെയ്തവര്‍ക്കു നേരെ ഇസ്രായില്‍ സൈനികര്‍ നിറയൊഴിക്കുന്ന വീഡിയോകള്‍ പ്രചരിച്ചു. അതിര്‍ത്തി വേലി തകര്‍ത്ത് ഇസ്രായിലിനകത്ത് പ്രവേശിക്കുകയായിരുന്നു പ്രക്ഷോഭകരുടെ ലക്ഷ്യം.
സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്ത ഫലസ്തീനികള്‍ 100 ഓളം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞതായി ഇസ്രായില്‍ സേന ആരോപിക്കുന്നു. എന്നാല്‍ സൈനകരില്‍ ആര്‍ക്കും പരിക്കില്ല. ഇസ്രായില്‍ വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതിനു പുറമെ, 90 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലം റിപ്പോര്‍ട്ട് ചെയ്തു.
11 വയസ്സുകാരന്‍ നാസര്‍ മുസാബഹിന്റെ ഖബറടക്ക ചടങ്ങില്‍ ആയിരത്തോളം ഫലസ്തീനികള്‍ പങ്കെടുത്തു. ഖാന്‍ യൂനിസില്‍ എല്ലാ ആഴ്ചയും തുടരുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ മുറിവുകള്‍ക്ക് മരുന്നുവെച്ച് കെട്ടാന്‍ എത്താറുള്ള വനിതാ പാരാമെഡിക്കല്‍ വളണ്ടിയര്‍ 18 കാരന്‍ ദുആ മുസാബഹിന്റെ സഹോദരനാണ് നാസര്‍. എല്ലാ ആഴ്ചയും കൂടെ വരാറുള്ള സഹോദരനെ അതിര്‍ത്തി വേലിയില്‍നിന്ന് 300 മീറ്റര്‍ അകലെ സുരക്ഷിത സ്ഥലത്താണ് നിര്‍ത്താറുള്ളതെന്ന് ദുആ പറഞ്ഞു. അവനെ സുരക്ഷിത സ്ഥലത്താക്കിയ ശേഷമാണ് ദുആ അതിര്‍ത്തി വേലിക്കു സമീപം പരിക്കേറ്റവരുടെ അടുത്തേക്ക് പോയത്. തിരിച്ചെത്തിയപ്പോള്‍ സഹോദരനെ കാണാനില്ലായിരുന്നു. അന്വേഷണത്തിനിടയിലാണ് തലക്ക് വെടിയേറ്റ നാസറിന്റെ ചിത്രം ഒരാള്‍ കാണിച്ചത്. അവിടെ തന്നെ തളര്‍ന്നിരുന്ന ദുആക്ക് ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല.
പ്രതിഷേധത്തിനിടയില്‍ ഇസ്രായില്‍ സേന വെടിവെച്ചു കൊന്ന പ്രായം കുറഞ്ഞ കുട്ടിയാണ് നാസറെന്ന് ഗാസയിലെ പൗരാവകാശ ഗ്രൂപ്പായ അല്‍ മിസാന്‍ വെളിപ്പെടുത്തി. മറ്റൊരു 11 വയസ്സുകാരന്‍ ഈ മാസാദ്യം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സംഘര്‍ഷത്തിനും പ്രത്യാഘാതങ്ങള്‍ക്കും ഹമാസ് മാത്രമാണ് ഉത്തരവാദിയെന്ന് ഇസ്രായില്‍ ആരോപിച്ചു. എന്നാല്‍ നിരായുധരായ പ്രകടനക്കാര്‍ക്ക് നേരെ ഇസ്രായില്‍ നടത്തുന്ന ബലപ്രയോഗത്തിനും കൊലകള്‍ക്കുമെതിരെ അന്താരാഷ്ട്ര പ്രതിഷേധം ശക്തമാണ്.