ബംഗളുരു- റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ് (എച്.എ.എല്‍) 2017-18 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ വന്‍ വര്‍ധനയുണ്ടാക്കി. പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാനുളള എച്.എ.എല്ലിന്റെ ശേഷിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ സംശയം പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പോര്‍വിമാനങ്ങളുണ്ടാക്കിയ ലാഭം നേടിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. 18.28 ലക്ഷം രൂപയാണ് ഏറ്റവും പുതിയ ലാഭക്കണക്ക്. മുന്‍ വര്‍ഷം ഇത് 17.60 ലക്ഷമായിരുന്നു. 40 വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് കമ്പനി പോയ സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ചത്.
ഇവയില്‍ സുഖോയ്-30 എംകെഐ മള്‍ട്ടി റോള്‍ പോര്‍വിമാനങ്ങളും ചെറിയ പോര്‍വിമാനമായ തേജസു ം ഡ്രോണിയര്‍ 228 വിമാനങ്ങളും എ.എല്‍.എച് ധ്രുവ്, ശീതള്‍ കോപ്റ്ററുകളു ഉള്‍പ്പെടും. ഇതിനു പുറമെ കമ്പനി 105 പുതിയ എഞ്ചിനുകള്‍ നിര്‍മ്മിക്കുകയും 220 വിമാന/കോപ്റ്റര്‍ എഞ്ചിനുകളും മറ്റു 550 എഞ്ചിനുകളും പുതുക്കിപ്പണിയുകയും ചെയ്തു. കൂടാതെ ബഹിരാകാശ പദ്ധതികള്‍ക്കായി 146 പുതിയ എയറോ ഘടനകളും നിര്‍മ്മിച്ചിട്ടുണ്ട്. എച്.എ.എല്ലിന്റെ 55-ാമത് വാര്‍ഷിക പോതു യോഗത്തില്‍ എച്.എ.എല്‍ പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍. മാധവനാണ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.