ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ വലിയ കാര്യങ്ങള്‍ നടന്നുകഴിഞ്ഞെന്നും ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് മന്ത്രിയുടെ പ്രസ്താവന. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഭഗത്‌സിംഗ് പ്രതിമ അനാച്ഛാദനം ചെയ്തശേഷമുള്ള പ്രസംഗത്തിലാണ് രാജ്നാഥ് സിംഗ് പുതിയ മിന്നലാക്രമണം നടത്തിയതിന്റെ സൂചനകള്‍ നല്‍കിയത്.
ചിലത് നടന്നു കഴിഞ്ഞു. എനിക്കത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ.. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നത്. വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്നും നിങ്ങള്‍ അറിയും-രാജ്നാഥ് സിംഗ് പറഞ്ഞു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ക്രൂരമായി കൊലപ്പെടുത്തിയ ബി.എസ്.എഫ് ജവാന്റെ പേര് പരാമര്‍ശിച്ചപ്പോഴാണ് പ്രതികാരമായി മിന്നലാക്രമണം നടന്നു കഴിഞ്ഞതായി രാജ്‌നാഥ് സിംഗ് സൂചിപ്പിച്ചത്. ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിര്‍ത്തിയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം എടുക്കാനല്ല ശക്തമായി തിരിച്ചടിക്കാനാണ് താന്‍ സൈനികരോട് പറയാറുള്ളതെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. 2016 ല്‍ അതിര്‍ത്തിയില്‍ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരിലാണ് രാജ്യം ആചരിച്ചത്.
2016 സെപ്റ്റംബര്‍ 29 ന് ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റത്തില്‍ അതിര്‍ത്തിക്കപ്പുറത്ത് നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ഉറി ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയായി നടത്തിയ സൈനിക മുന്നറ്റമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ജിക്കല്‍ സ്ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. ജോധ്പുര്‍ മിലിറ്ററി സ്റ്റേഷനില്‍ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.