വാഷിങ്ടണ്‍- അഞ്ചു കോടിയോളം യൂസര്‍മാരുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അപകടത്തിലാക്കിയ വന്‍ സുരക്ഷാ പാളിച്ച ഫേസ്ബുക്കില്‍ കണ്ടെത്തിയതായി സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മറ്റുള്ളവരുടെ പ്രൊഫൈലുകള്‍ കാണുന്നതിനുള്ള 'വ്യൂ ആസ്' ഫീച്ചറിലെ കോഡിലാണ് പാളിച്ച കണ്ടെത്തിയത്. ഈ പഴുതിലൂടെ ഹാക്കര്‍മാര്‍ അഞ്ചു കോടിയോളം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയിരിക്കാമെന്ന് സംശയിക്കുന്നതായി ഫേസ്ബുക്ക് പറഞ്ഞു. എന്നാല്‍ ഏതൊക്കെ രാജ്യത്തുനിന്നുള്ള അക്കൗണ്ടുകളിലാണ് ചോര്‍്ച്ച ഉണ്ടായതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങളും അപകടത്തിലായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. ഈ മാസം 25-നാണ് എന്‍ജിനീയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെ വിവരം അറിയിച്ചതായും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.