ന്യൂദല്‍ഹി- ബോളിവുഡ് നടന്‍ നാനാ പഠേക്കര്‍ പത്തു വര്‍ഷം മുമ്പ് ഗാന ചിത്രീകരണത്തിനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചവെന്ന നടി തനുശ്രീ ദത്തയുടെ ആരോപണത്തെ എതിര്‍ത്ത് നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ. എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്ന ഗണേഷ് ആചാര്യ ഇപ്പോള്‍ പച്ച നുണയാണ് പറയുന്നതെന്ന് നടി തനുശ്രീ ആരോപിച്ചു.
താനും ആ ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്നും അങ്ങനെയൊരു സംഭവമില്ലെന്നും ഗണേഷ് ആചാര്യ പറഞ്ഞു. പഴയ സംഭവമായതിനാല്‍ എല്ലാം കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. അന്ന് എന്തോ കാരണത്താല്‍ ചിത്രീകരണം മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടിരുന്നു. ചില തെറ്റിദ്ധാരണകള്‍ കാരണമായിരുന്നു അത്. എന്നാല്‍ തനുശ്രീ ദത്ത ആരോപിച്ച പോലുള്ള കാര്യങ്ങള്‍ നടന്നിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രീകരണം നടക്കുന്നിടത്തേക്ക് നാനപഠേക്കര്‍ രാഷ്ട്രീയക്കാരെ വിളിച്ചു വരുത്തിയെന്നതും തെറ്റായ ആരോപണമാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിനങ്ങനെ ചെയ്യാനാവില്ല. വളരെ സഹായമനസ്‌കനായ അദ്ദേഹം കലാകാരന്മാരെ സഹായിക്കുന്ന വ്യക്തിയാണെന്നും ഗണേഷ് ആചാര്യ പറഞ്ഞു.
തനുശ്രീയെ റിഹേഴ്‌സലിന് വിളിച്ചപ്പോള്‍ നാനാ പഠേക്കറും ഗാനരംഗത്തുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. അന്ന് വാക്കാല്‍ അറിയിച്ച കാര്യമായതിനാല്‍ കരാറൊന്നും തന്റെ കൈയില്‍ ഇല്ല. ഗാനരംഗത്ത് മാന്യമല്ലാത്ത ചുവടുകള്‍ ഉണ്ടായിരുന്നില്ലെന്നും ഗണേഷ് ആചാര്യ കൂട്ടിച്ചേര്‍ത്തു.
2009 ല്‍ പുറത്തിറങ്ങിയ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നായക നടനായിരുന്ന നാനാ പഠേക്കര്‍ തന്നെ മോശമായി സ്പര്‍ശിച്ച് അപമാനിച്ചുവെന്നായിരുന്നു സൂം ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തനുശ്രീയുടെ വെളിപ്പെടുത്തിയത്. നേരത്തെ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് നടന്‍ നാനാ പഠേക്കറാണ് പ്രതിയെന്ന് തനുശ്രീ വ്യക്തമാക്കിയത്.