ആപ്ലിക്കേഷനെന്ന പോലെ വെബ് പതിപ്പിനും കൂടുതൽ സ്വീകാര്യത നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഒന്നാം സ്ഥാനത്തുള്ള ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം. ഇതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി കൂടുതൽ ഫീച്ചർ ചേർത്തുകൊണ്ടിരിക്കയാണ്.
നോട്ടിഫിക്കേഷൻ ഫീച്ചറാണ് ഏറ്റവും ഒടുവിൽ ഇൻസ്റ്റാഗ്രാം വെബ് പതിപ്പിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൊബൈലിൽ ആയാലും ഡെസ്‌ക്‌ടോപ്പിലായാലും ക്രോം ബ്രൗസറിലാണ് ഇൻസ്റ്റാഗ്രാം തുറക്കുന്നതെങ്കിൽ പുതിയ ഫോളോവേഴ്‌സ്, ലൈക്കുകൾ, കമന്റുകൾ എന്നിവയിൽ നോട്ടിഫിക്കേഷൻ വേണോയെന്ന് അന്വേഷിക്കും.
ഇൻസ്റ്റാഗ്രാം ലൈറ്റ് പതിപ്പിലും ഇപ്പോൾ ഈ സൗകര്യം ലഭ്യമാണ്. കുറഞ്ഞ റാമും സ്‌റ്റോറേജുമുള്ള ഫോണുകൾക്കും സ്ലോ ഇന്റർനെറ്റ് കണക്ഷനുള്ള സ്ഥലങ്ങളും ലക്ഷ്യമിട്ട് പുറത്തിറക്കിയതാണ് ലൈറ്റ് പതിപ്പ്. വികസ്വര രാജ്യങ്ങളിൽ കൂടുതൽ ഉപയോക്താക്കളെ നേടുകയാണ് ലക്ഷ്യം. സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാഗ്രം മെയിൻ ആപ്ലിക്കേഷൻ ഉണ്ടെങ്കിലും ഡെസ്‌ക് ടോപ്പിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നത് ആകർഷകമാണെന്ന് വിലയിരുത്തപ്പെടുന്നു.