ഗൂഗിൾ സെർച്ച് എൻജിന് 20 വയസ്സായി. ഇന്ന് അതില്ലാത്ത ഒരു ലോകത്തെ കുറിച്ച് ആർക്കും ചിന്തിക്കാനാവില്ല. പിന്നാമ്പുറത്ത് പല കണ്ടുപിടിത്തങ്ങളും നവീകരണങ്ങളും നടന്നുവെങ്കിലും ഗൂഗിൾ സെർച്ച് കഴിഞ്ഞ 20 വർഷമായി ഒരേ രൂപത്തിൽ തന്നെയാണ്. സെർച്ച് ബോക്‌സിൽ നമ്മൾ ഏതാനും വാക്കുകൾ ടൈപ് ചെയ്യുന്നു. ഗൂഗിൾ ലിങ്കുകളുടെ ഒരു പട്ടിക തിരിച്ചു നൽകുന്നു. കമ്പനി പലതും ഇതിനകം കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ, അടിസ്ഥാന സങ്കൽപത്തിൽ മാറ്റം വരുത്തിയിട്ടില്ല. 20 വർഷമായിട്ടും നമുക്കുള്ള അനുഭവം ഏതാണ്ട് ഒരേ രീതിയിൽ തന്നെ.
വരുംവർഷങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ തന്നെ മാറ്റം വരുത്തുന്നതിനുള്ള പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കയാണ് ഗൂഗിൾ. കഴിഞ്ഞ ദിവസം സാൻഫ്രാൻസിസ്‌കോയിലാണ് ഗൂഗിൾ സെർച്ചിന്റെ പുതിയ അധ്യായവും ഉള്ളടക്കവും വെളിപ്പെടുത്തിയത്. ഇനിയങ്ങോട്ടുള്ള സെർച്ചിൽ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) കൂട്ടുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കമ്പനി സെർച്ച് ഫലങ്ങൾ ശേഖരിക്കുന്നതിനായി പുതിയ ആക്ടിവിറ്റി കാർഡ് ആരംഭിച്ചിരിക്കയാണ്. മുമ്പ് നിങ്ങൾ അന്വേഷിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുന്ന വിവരങ്ങളായിരിക്കും നൽകുക. നിങ്ങൾ തുടങ്ങാനിരിക്കുന്ന ആക്ടിവിറ്റിക്ക് ആവശ്യമായ കാര്യങ്ങൾ, നേരത്തെ നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളിൽനിന്നു കൂടി മനസ്സിലാക്കി ഏറ്റവും അത്യാവശ്യ വിവരങ്ങൾ തന്നെ ലഭ്യമാക്കുമെന്നർഥം.
ഉദാഹരണത്തിന് നിങ്ങൾ ക്യാമ്പിംഗ് എന്ന വാക്കാണ് സെർച്ച് ചെയ്യുന്നതെങ്കിൽ സെർച്ച് ഫലങ്ങൾക്ക് മുകളിലായി ഒരു ടാബിൽ നിങ്ങൾ ഈയടുത്ത് നടത്തിയ സമാന സെർച്ചിന്റെ ഫലങ്ങൾ കാണിക്കും. പേജിന്റെ താഴോട്ട് പോയാൽ ക്യാമ്പിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രത്യേക വിഭാഗങ്ങളാക്കി സ്ലീപിംഗ് ബാഗ്‌സ്, ക്യാമ്പ് സൈറ്റ്‌സ് എന്നിങ്ങനെ കാണിച്ചിരിക്കും. നിങ്ങൾക്ക് തന്നെ ഈ കലക്ഷൻസ് ഒരുക്കുകയുമാവാം. നിങ്ങൾ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് ഗൂഗിൾ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനു മുമ്പ് നിങ്ങൾ പരതിയ സൈറ്റുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ എന്താണ് പ്ലാൻ ചെയ്യുന്നതെന്ന് ഗൂഗിളിന് അറിയാൻ പറ്റുമെന്ന് ചുരുക്കം. ഇന്റർനെറ്റ് മുഴുവൻ വീണ്ടും തിരയുകയെന്ന ഭാരിച്ച പണിയാണ് നിങ്ങൾക്ക് ഒഴിവായിക്കിട്ടുന്നത്. ഇതിനു മുമ്പ് സെർച്ച് ചെയ്യാൻ ഉപയോഗിച്ച പദങ്ങൾ കാണിക്കുകയും ചെയ്യും.
നേരത്തെ നിങ്ങൾ കാണാത്തതും എന്നാൽ ക്യാമ്പിംഗ് ചെക്ക്‌ലിസ്റ്റ്, ടിപ്‌സ് തുടങ്ങിയവ ഗൂഗിൾ ശുപാർശ ചെയ്യുമെന്നതാണ് മറ്റൊരു സവിശേഷത.
പുതിയ ഒരു വിഷയമാണ് സെർച്ച് ചെയ്യുന്നതെങ്കിൽ സെർച്ച് എൻജിൻ വിഷയത്തെ ആസ്പദമാക്കി ടാബുകളിൽ ക്രമീകരിച്ച് നൽകും. വളർത്തുനായയെ കുറിച്ചാണ് സെർച്ച് ചെയ്യുന്നതെങ്കിൽ വാങ്ങാനാണോ, പേരുകൾ, എങ്ങനെ പരിശീലിപ്പിക്കാം തുടങ്ങിയ ടാബുകൾ ലഭിക്കും. പ്രത്യേക ഇനം നായയെ കുറിച്ചാണ് തിരയുന്നതെങ്കിൽ അതിനനസരിച്ചായിരിക്കും റിസൾട്ട് ടാബുകൾ ടാബുകളിൽ ലഭിക്കുന്നത്.
നിങ്ങളെ കുറിച്ച് ഗൂഗളിന് നന്നായി അറിയാം എന്നു തോന്നിപ്പിക്കുന്നതായിരിക്കും ഗൂഗിൾ നൽകുന്ന സെർച്ച് റിസൾട്ടുകൾ. ഗൂഗിൾ കൊണ്ടുവരുന്ന പുതുമകൾ സങ്കീർണതയുണ്ടാക്കുന്നതല്ല, കൂടുതൽ എളുപ്പമാക്കുന്നതാണെന്ന കാര്യം ഉറപ്പാണ്.