അന്തരിച്ച നടൻ കലാഭവൻ മണിയുടെ സംഭവ ബഹുലമായ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമായ ചാലക്കുടിക്കാരൻ ചങ്ങാതി പ്രദർശനത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 28 നു പുറത്തിറങ്ങുന്ന സിനിമയുടെ അവസാനവട്ട മിനുക്കുപണികൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂർത്തിയാക്കിയത്. ആൽഫ ഫിലിംസിന്റെ ബാനറിൽ തിരുവനന്തപുരം സ്വദേശിയായ ഗ്ലാസ്റ്റനാണ് ചിത്രം നിർമ്മിച്ചത്. തുഖ്ബയിൽ പ്രവാസിയാണ് ആൽഫ ഷാജിയെന്ന ഗ്ലാസ്റ്റൻ. ഉമ്മർ കരിക്കാടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹരി നാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം പകർന്നു.
കഥ പറച്ചിലിനിടയിൽ സിനിമക്കുള്ളിലെ സിനിമയും കടന്നു വരുന്നുണ്ട്. 1999 ലായിരുന്നു, ജനഹൃദയങ്ങൾ കീഴടക്കിയ വാസന്തിയും ലക്ഷ്മിയിലൂടെയാണ് മണി പ്രേക്ഷകർക്ക് തന്റെ അഭിനയത്തിലെ വിസ്മയക്കാഴ്ച ഒരുക്കിയത്. കലാഭവൻ മണിയുടെ ജീവിതം തന്നെ മാറ്റിമറിച്ച വിനയന്റെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും. ഇതിലൂടെ ആ വാസന്തിയും ലക്ഷ്മിയും പുനരവതരിപ്പിക്കുകയാണ് വിനയന്റെ മറ്റൊരു കലാഭവൻ മണിയായി ശെന്തിൽ.
ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ സെന്തിൽ ആണ് നായകനായ രാജാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിനി സ്‌ക്രീനിൽ നിരവധി കോമഡി ഷോകളിലും ഹാസ്യ പരമ്പരകളിലും ചുരുക്കം ചില റോളുകളിൽ സിനിമകളിലും അഭിനയിച്ചിരുന്ന ശെന്തിൽ ഈ സിനിമയിലെ തിളക്കമാർന്ന കഥാപാത്രത്തിലൂടെ ഇനിമുതൽ രാജാമണി എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നാണ് ശെന്തിലിന്റെ ആരാധകർ പറയുന്നത്. ഹണിറോസ് കവിത എന്ന പേരിൽ സിനിമാ നടിയുടെ വേഷത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. ഒരു നടനെന്ന നിലയിൽ കലാഭവൻ മണിയെ വളരെ അടുത്തറിഞ്ഞുള്ള വ്യക്തിയാണ് വിനയൻ. മണി വിനയനുമായി പങ്കുവെച്ചിട്ടുള്ള അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ഹൃദയസ്പർശിയായി പ്രേക്ഷകരിലെത്തിക്കാൻ ഈ സിനിമയിലെ രാജാമണിയെ ശെന്തിലിലൂടെ രൂപപ്പെടുത്തി എടുക്കുകയായിരുന്നു. കലാഭവൻ മണിയുടെ വിവിധ ഭാവങ്ങളും അഭിനയമുഹൂർത്തങ്ങളും ശെന്തിലിന് അനായാസം അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് വിനയന്റെ അഭിപ്രായം.
രാജാമണിയുടെ ജനനം പ്രത്യേകതകൾ നിറഞ്ഞതാണ്. അമ്മ അമ്മിണിയുടെ അഞ്ചാമത്തെ സന്തതിയായി ജനിച്ച ഈ കുട്ടിയുടെ ജനനം തന്നെ ചിരിച്ചു കൊണ്ടായിരുന്നു. നാലാമത്തെ പ്രസവത്തോടെ അമ്മിണി പ്രസവം നിറുത്തിയിരുന്നു. ഇതിനിടക്കാണ് ഒരു കാക്കാത്തിയുടെ പ്രവചനം. അഞ്ചാമത് ഒരു കുട്ടിയെ കൂടി പ്രസവിക്കുമെന്ന്. വൈദ്യശാസ്ത്ര മേഖലയെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാക്കാത്തി പറഞ്ഞത് ഫലിച്ചു. ചിരിച്ചു കൊണ്ട് ജനിച്ച കുട്ടിക്ക് മണി എന്ന് പേരിട്ടു. ജനിക്കാൻ പോകുന്ന കുട്ടി രാജാവായിരിക്കും എന്ന് കൂടി കാക്കാത്തി പറഞ്ഞു വെച്ചപ്പോൾ രാജാമണിയായി മാറുകയായിരുന്നു. കറുപ്പ് നിറത്തിലുള്ള രാജാമണിക്ക് പൊതു സമൂഹത്തിനിടയിലേക്ക് വരാൻ കോംപ്ലക്‌സ് സമ്മതിച്ചില്ല. പൊതു സമൂഹത്തിൽ ഇറങ്ങാതെ തന്നെ പ്രകൃതിയെയും പക്ഷികളെയും മൃഗങ്ങളെയും സ്‌നേഹിക്കുകയും അവയെ അനുകരിക്കുകയും ചെയ്തു തുടങ്ങി. പതുക്കെ പൊതു സമൂഹത്തിലേക്കു ഇറങ്ങി വന്നു സിനിമകൾ കാണുകയും നടന്മാരെ അനുകരിച്ചു രാജാമണി പ്രശസ്തിയിലേക്ക് കയറിവരികയും ചെയ്യുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
ജനാർദ്ദനൻ, രമേഷ് പിഷാരടി, കോട്ടയം നസീർ, ചാലി പാല, രാജാ സാഹിബ് ഗണേഷ് കുമാർ, ടിനി ടോം, ജോയ് മാത്യു, സലിം കുമാർ, ഗിന്നസ് പക്രു, കൊച്ചു പ്രേമൻ, ജോജു മാള, കലാഭവൻ റഹ്മാൻ, പുതുമുഖ നായികമാരായ രേണുക, നിഹാരിക, മനീഷ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമോദ് കുട്ടി ആണ് ഛായാഗ്രഹണം. സുരേഷ് കൊല്ലം കലാസംവിധാനവും സംസ്ഥാന അവാർഡ് ജേതാവ് രാജേഷ് നെന്മാറ മേക്കപ്പും നിർവ്വഹിക്കുന്നു. സ്റ്റിൽസ് അരുൺ കെ. ജയൻ, കോസ്റ്റ്യൂംസ് ബ്യൂസി ബേബി ജോൺ, സഹ സംവിധായകൻ രതീഷ് പാലോട്, പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, ഷിന്റോ ഇരിങ്ങാലക്കുട, മാനേജർ ബാബു ചങ്ങനാശ്ശേരി എന്നിവർ പിന്നണിയിൽ പ്രവർത്തിക്കുന്നു.