Sorry, you need to enable JavaScript to visit this website.

കൊടുങ്ങല്ലൂരിന്റെ റാണി

ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിൽനിന്നും മലയാള സിനിമയിലേയ്ക്ക് പുതിയൊരു താരോദയം, മാളവിക മേനോൻ. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ചുകഴിഞ്ഞിരിക്കുന്നു ഈ അഭിനേത്രി.
സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചുനടന്ന കൂട്ടത്തിലായിരുന്നില്ല മാളവിക. കുട്ടിക്കാലംതൊട്ടേ പാട്ടിലും നൃത്തത്തിലുമെല്ലാം മികവു പുലർത്തിയിരുന്നെങ്കിലും കലാവേദികളെ ഭയപ്പാടോടെ കണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടി. എങ്കിലും വീട്ടുകാരുടെ പ്രിയപ്പെട്ട മാളുവിനെ സിനിമാലോകം ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
രഞ്ജിത് ശങ്കറിന്റെ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ ആനിയെ ആർക്ക് മറക്കാനാവും. സ്വന്തം സഹോദരനായ മാത്തുക്കുട്ടി, മേരിക്കുട്ടിയായി മാറിയപ്പോൾ അഛനെപ്പോലെതന്നെ വെറുപ്പോടെയാണ് ആനിയും കണ്ടിരുന്നത്. വിവാഹാലോചനയ്ക്കിടയിൽ വീട്ടിലെത്തിയ മേരിക്കുട്ടിയെ അന്യനാണെന്ന് പറഞ്ഞ് അകറ്റിനിർത്തുകയാണവർ. ഒടുവിൽ വിവാഹത്തിന് സ്വന്തം സഹോദരനോട് വരരുതെന്ന് അവൾ പറയുന്നു. എന്നാൽ ഒടുവിൽ പൊലീസ് ഇൻസ്‌പെക്ടറായി മേരിക്കുട്ടിയെത്തുമ്പോൾ അത്ഭുതത്തോടെയാണ് ആനി അവളെ കാണുന്നത്.
അവതരിപ്പിച്ചതിലേറെയും കൊച്ചുവേഷങ്ങളാണെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ആദ്യചിത്രം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്രയായിരുന്നു. ഫേസ്ബുക്ക് സൗഹൃദത്തിലൂടെയാണ് സിദ്ധാർത്ഥുമായി പരിചയപ്പെടുന്നത്. സിനിമയെടുക്കുമ്പോൾ എന്തെങ്കിലും വേഷം നൽകാമെന്ന് നേരത്തെ പറഞ്ഞിരുന്നു. 


അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും സെറ്റിൽ വന്നുപോകാൻ പറഞ്ഞു. സെറ്റിലെത്തിയപ്പോൾ ചെറിയൊരു വേഷത്തിൽ അഭിനയിക്കാൻ പറയുകയായിരുന്നു. സരയൂവിന്റെ അനുജത്തിയായ രേവതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യസീൻതന്നെ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ സിദ്ധാർത്ഥ് ചേട്ടൻ വന്ന് പ്ലേറ്റ് തട്ടിത്തെറിപ്പിക്കുന്നതായിരുന്നു. അതുകണ്ടപ്പോൾ വല്ലാതെ ടെൻഷൻ തോന്നി. പക്ഷെ സെറ്റിലുള്ളവരെല്ലാം നല്ല സഹകരണമാണ് നൽകിയത്.
രണ്ടാമത്തെ ചിത്രമായ ഹീറോ പൃഥ്വിരാജിനൊപ്പമായിരുന്നു. കുട്ടിക്കാലംതൊട്ടേ പൃഥ്വി ചേട്ടന്റെ ഫാനായിരുന്നു ഞാൻ. അതിലും സഹോദരീ വേഷമായിരുന്നു. സരയൂ ചേച്ചിയായിരുന്നു ഈ സിനിമയിലേക്ക് അവസരം ഒരുക്കിയത്. ആനി തങ്കച്ചൻ എന്ന നാട്ടിൻപുറത്തെ കുട്ടിയുടെ വേഷം. മേക്കപ്പിട്ട് ദേഹമെല്ലാം കറുപ്പിച്ചായിരുന്നു സീനിലെത്തിയത്. ഇതുകണ്ട് വിഷമം തോന്നിയെങ്കിലും സംവിധായകൻ ദീപൻ ചേട്ടൻ ആശ്വസിപ്പിക്കുകയായിരുന്നു. പൃഥ്വി ചേട്ടനടക്കം സെറ്റിൽ എല്ലാവരുമായും നല്ല കൂട്ടായിരുന്നു.
ആദ്യ രണ്ടു ചിത്രങ്ങളിൽനിന്നും വ്യത്യസ്തമായി ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അടുത്തത്. എൻ. മോഹനൻ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തിൽ പ്രധാന വേഷമായിരുന്നു. അനൂപ് ചേട്ടന്റെ മകളായി മീര എന്ന കഥാപാത്രം. ആസിഫിക്കയായിരുന്നു ജോഡി. ചിത്രത്തിൽ നന്നായി പെർഫോം ചെയ്യേണ്ടിയിരുന്നതിനാൽ നല്ല പേടിയുണ്ടായിരുന്നു. സഹസംവിധായകനായെത്തിയ ധ്യാൻ ശ്രീനിവാസൻ നല്ല സഹകരണമായിരുന്നു നൽകിയത്. സംഭാഷണങ്ങൾ പറഞ്ഞുതന്നും സംസാരിക്കുന്ന രീതി പഠിപ്പിച്ചുമെല്ലാം കൂടെനിന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിലും സെറ്റിലെത്തിയിരുന്നു. സ്വന്തം വീടുപോലെയായിരുന്നു ലൊക്കേഷൻ.


916ൽ അഭിനയിച്ചുകഴിഞ്ഞപ്പോൾ സുഹൃത്തുക്കൾക്കെല്ലാം ഭയങ്കര ഷോക്കായിരുന്നു. മാളു തന്നെയാണോ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നു ചോദിച്ചു. അമ്മയ്ക്കുപോലും അത്ഭുതമായിരുന്നു. എനിക്കുപോലും സംശയം തോന്നി. കാരണം എല്ലാവരുടെയും മുന്നിൽ ഞാനൊരു പാവം കുട്ടിയായിരുന്നു.
ജയറാമേട്ടന്റെ മകളായെത്തിയ നടനായിരുന്നു അടുത്ത ചിത്രം. നാട്ടുകാരൻ കൂടിയായ കമൽസാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വൈകാരിക രംഗങ്ങൾ ഏറെയുണ്ടായിരുന്നു. എങ്കിലും ജയറാമേട്ടനും കമൽ സാറുമെല്ലാം സെറ്റിൽ വളരെ കൂളായി പെരുമാറി. 
ചില സീനുകളിൽ ജയറാമേട്ടന്റെ അഭിനയം കണ്ടപ്പോൾ ഗ്ലിസറിനില്ലാതെ തന്നെ കരഞ്ഞുപോയിരുന്നു. അത്രയും വൈകാരിക മുഹൂർത്തങ്ങളായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. 
അടുത്ത ചിത്രവും ജയറാമേട്ടനൊപ്പമായിരുന്നു. സർ സി.പി എന്ന ചിത്രത്തിൽ സീമചേച്ചിയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചത്. അതിനായി അൽപം തടി കൂട്ടേണ്ടിവന്നു. ജയറാമേട്ടനുമായി കോമ്പിനേഷൻ സീൻ ഇല്ലായിരുന്നെങ്കിലും സീമ ചേച്ചിയെ അടുത്തുകാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് ജീവിതത്തിലെ അപൂർവ്വഭാഗ്യമായിരുന്നു.


അടുത്ത ഊഴം തമിഴിലായിരുന്നു. എസ്. ബാല സംവിധാനം ചെയ്ത വിഴയായിരുന്നു ആദ്യ ചിത്രം. മരണവീട്ടിൽ ഒരു കൊച്ചുകുട്ടി പാടുന്ന പാട്ടിൽനിന്നാണ് കഥ ഉരുത്തിരിയുന്നത്. മഹേന്ദ്രൻ നായകനായ ഈ ചിത്രത്തിലും ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങളുണ്ടായിരുന്നു. തമിഴിൽ നല്ലൊരു തുടക്കമായിരുന്നു വിഴയിലേത്. എല്ലാവർക്കും അതിലെ രാക്കമ്മയുടെ വേഷം ഇഷ്ടപ്പെട്ടു. എസ്. ശരവണൻ സംവിധാനം ചെയ്ത ഇവൻ വേറെ മാതിരിയായിരുന്നു അടുത്ത ചിത്രം. വിക്രം പ്രഭു നായകവേഷമണിഞ്ഞ ഈ ചിത്രത്തിൽ നായികയുടെ സഹോദരിയായ ദിവ്യയെയായിരുന്നു അവതരിപ്പിച്ചത്. വലിയൊരു ബാനറിനുകീഴിൽ അഭിനയിക്കുന്ന ടെൻഷനുണ്ടായിരുന്നു. എങ്കിലും സ്‌പെഷ്യൽ റിഹേഴ്‌സലിലൂടെയും ഡയലോഗുകൾ നേരത്തെ തന്നുമെല്ലാം അത്തരം ടെൻഷനുകൾ ഒഴിവാക്കി. നായിക നോർത്ത് ഇന്ത്യൻ ആയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരുപാട് ടേക്ക് എടുത്താണ് ഓരോ രംഗവും ചിത്രീകരിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോൾ അതിന്റെ ഗുണവുമുണ്ടായി.
ഹരീഷ് നായർ എന്ന മലയാളി നായകനായ വെത്തുവെട്ട് ആയിരുന്നു അടുത്ത തമിഴ് ചിത്രം. ഗ്രാമത്തിൽ ജനിച്ചുവളർന്ന് പിന്നീട് നഗരത്തിലേയ്ക്ക് ചേക്കേറുന്ന മഹാലക്ഷ്മിയുടെ കഥ. കോളേജ് ജീവിതവും കുടുംബ ജീവിതവുമെല്ലാം ചിത്രത്തിന് വിഷയമായിരുന്നു. വന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്കിലെത്തിയത്. കോട്ടപതി ശ്രീനു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദീപക് ആയിരുന്നു നായകൻ.
ജോൺ ഹോനായ് എന്ന ചിത്രത്തിലെ മറിയ, മൺസൂൺ എന്ന ചിത്രത്തിലെ ജെസ്സി, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രത്തിലെ അപരിചിതയായ സ്ത്രീ, ദേവയാനത്തിലെ സത്യഭാമ, ഹലോ ദുബായിക്കാരൻ എന്ന ചിത്രത്തിലെ ജ്യോതി എന്നിവയും മാളവിക വേഷമിട്ട ചിത്രങ്ങളാണ്.
പുതിയൊരു തമിഴ് ചിത്രത്തിലെ സെറ്റിലാണിപ്പോൾ. ആദിരാജൻ സംവിധാനം ചെയ്യുന്ന അരുവാ സണ്ടൈ എന്ന ചിത്രത്തിൽ സൗന്ദരരാജനും മലയാളിയായ നരേനും അഭിനയിക്കുന്നുണ്ട്.
മേരിക്കുട്ടിക്കുശേഷം മലയാളത്തിൽനിന്ന് നിരവധി ഓഫറുകൾ മാളവികയെ തേടിയെത്തുന്നുണ്ട്. എങ്കിലും കാമ്പുള്ള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാനാണ് തീരുമാനം.
 

Latest News