സ്മാര്‍ട്‌ഫോണുകളുടെ ലോകത്തെ മുടിചൂടാമന്നന്‍ എന്നാണല്ലോ ഐഫോണിന്റെ വിശേഷണം. എന്നാല്‍ മറ്റൊരു സത്യമുണ്ട്. ലോകത്ത ഇന്ന് നിലവിലുള്ള സ്മാര്‍ട് ഫോണുകളില്‍ 88 ശതമാനത്തിലേറെയും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിലാണ്. ഗുഗ്ള്‍ 2008 സെപ്തംബര്‍ 23ന് അവതരിപ്പിച്ച് ഈ ജനപ്രിയ ഓപറേറ്റിങ് സിസ്റ്റം സംഭവ ബഹുലമായ പത്തു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ആന്‍ഡ്രോയ്ഡിന്റെ ചരിത്രം നമുക്കൊന്നു നോക്കാം.
തുടക്കം
ടെക്ക് സംരംഭകനായ ആന്‍ഡി റൂബിന്‍ റിച് മൈനര്‍, നിക്ക് സിയേഴ്‌സ്, ക്രിസ് വൈറ്റ് എന്നിവരുമായി ചേര്‍ന്ന് 2004ലാണ് ആന്‍ഡ്രോയ്ഡ് രൂപീകരിച്ചത്. ഡിജിറ്റല്‍ ക്യാമറകള്‍ക്കായുള്ള ഓപറേറ്റിങ് സിസ്റ്റമായാണ് തുടങ്ങിയതെങ്കിലും ഒടുവില്‍ ഇത് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലാണ് ക്ലിക്ക് ആയത്. ഇതിന്റെ ഭാവി സാധ്യത മുന്‍കൂട്ടി കണ്ട ടെക്ക്ഭീമന്‍ ഗൂഗ്ള്‍ 50 മില്യണ്‍ ഡോളറിനെ ഈ കമ്പനിയെ തൊട്ടടുത്ത വര്‍ഷം തന്നെ ഏറ്റെടുത്തു. ആദ്യമായി അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് ഫോണ്‍ ടി-മൊബൈല്‍ ജി വണ്‍ ആണ്. എച്.ടി.സി ഡ്രീം എന്ന പേരിലും ഇതറിയപ്പെട്ടു. അക്കാലത്ത് ഒരു കുഞ്ഞു മൊബൈല്‍ നിര്‍മ്മാണ കമ്പനിയായിരുന്ന എച്.ടി.സി ആണ് ആദ്യമായി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കിയത്. ഈ ഫോണ്‍ യുഎസിനു പുറമെ ചില യുറോപ്യന്‍ രാജ്യങ്ങളിലും വിറ്റഴിച്ചു. ഇതൊരു ടച് ഫോണായിരുന്നില്ല. അക്കാലത്തെ ആകര്‍ഷണങ്ങളിലൊന്നായ സ്ലൈഡിങ് കീബോര്‍ഡ് ആയിരുന്നു.
വളര്‍ച്ച
ഒരു ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ആന്‍്‌ഡ്രോയ്ഡ്. അതു കൊണ്ട് തന്നെ സ്മാര്‍ട്‌ഫോണ്‍ നിര്‍്മാതാക്കള്‍ത്ത് തങ്ങളുടെ ഇഷ്ടാനുസരണം ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്വന്തമായി ഇന്റര്‍ഫേസ് വികസിപ്പിക്കാമെന്നത് ആന്‍ഡ്രോയ്ഡിന് വലിയ സ്വീകാര്യത നേടിക്കൊടുത്തു. പിന്നീട് സാംസങ ആണ് ആന്‍ഡ്രോയ്ഡിന്റെ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്തിയത്. 2009ല്‍ സാംസങ് ഗാലക്‌സി ഐ7500 എന്ന പേരില്‍ തങ്ങളുടെ ആദ്യ ഗാലക്‌സി ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയിലെത്തിച്ചു. ഈ ഡിവൈസ് അധികമൊന്നും വിറ്റു പോയില്ലെങ്കിലും ഐഫോണിന് ശക്തമായ എതിരാളിയാണ് ആന്‍ഡ്രോയ്ഡ് എന്നു ശരിവച്ചു. പിന്നീട് ഗാലക്‌സി സീരിസില്‍ സാംസങ് ഇറക്കിയവയെല്ലാം ഐഫോണിന് ശക്തമായ എതിരാളികളായാണ് വന്നത്.
ആന്‍ഡ്രോയ്ഡ് ഉടമകളായ ഗുഗ്‌ളും ശുദ്ധ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ നെക്‌സസ് എന്ന ബ്രന്‍ഡില്‍ സ്വന്തമായി സ്മാര്‍ട് ഫോണുമായി 2010ല്‍ രംഗത്തെത്തി. പിന്നീടുണ്ടായ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെല്ലാം ആന്‍ഡ്രോയ്ഡിന്റെ സാധ്യതകള്‍ ഉപോഗിച്ചാണ് വിപണിയില്‍ മത്സരിച്ചത്. ഇപ്പോള്‍ ഐഫോണിനു ശക്തമായ ഒരു ബദല്‍ ആയി തുടരുന്നു.
ഇന്നത്തെ ആന്‍ഡ്രോയ്ഡ്
2017ല്‍ എത്തിയപ്പോഴേക്കും ലോകത്തൊട്ടാകെ ഇരുനൂറ് കോടിയിലേറെ ഡിവൈസുകള്‍ ആന്‍ഡ്രോയ്ഡ് ഓ.എസില്‍ പ്രവര്‍ത്തിക്കുന്നു. പഴയ ആന്‍ഡ്രോയ്ഡ് മാര്‍ക്കെറ്റ് ഗൂഗ്ള്‍ പ്ലേ എന്ന രൂപത്തില്‍ ഇന്ന് ദശലക്ഷക്കണക്കിന് ആപ്പുകള്‍ സൗജന്യമായും അല്ലാതെയും നല്‍കുന്നു. ഓരോ വര്‍ഷവും ഗുഗള്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പുകള്‍ ഇറക്കി വരുന്നു. മധുരപലഹാരങ്ങളുടെ പേരാണ് ഓരോ തവണയും നല്‍കി വരുന്നത്. ആദ്യത്തെ ആന്‍ഡ്രോയ്ഡ് 1.6 ഡോനറ്റ് ആയിരുന്നു. 2.1 എക്ലയര്‍, 2.2 ഫ്രൊയോ, 2.3 ജിന്‍ജര്‍ബ്രെഡ്, 3.0 ഹണികോം, 4.0 ഐസ്‌ക്രീം സാന്‍വിച്, 4.1 സാന്‍വിച്, 4.4 കിറ്റ്കാറ്റ്, 5.0 ലോലിപോപ്, 6.0 മാര്‍ഷ്‌മെലോ, 7.0 നോഗറ്റ്, 8.0 ഓറിയോ എന്നിങ്ങനെ വന്ന് ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയഡ് 9.0 പൈ-ല്‍ എത്തി നില്‍ക്കുന്നു.
സ്മാര്‍ട്‌ഫോണുകളില്‍ മാത്രം ഒതുങ്ങി നിന്ന ആന്‍ഡ്രോയ്ഡിനെ ഇന്ന് ഗൂഗ്ള്‍ ടിവികള്‍ക്കും സ്മാര്‍ട് വാച്ചുകള്‍ക്കും, സ്മാര്‍ട് ഹോം ഡിവൈസുകള്‍ക്കും, വി.ആര്‍ ഹെഡസെറ്റുകള്‍ക്കുമെല്ലാം പാകപ്പെട്ട രൂപത്തില്‍ പരിവര്‍ത്തിപ്പിച്ചെടുത്തിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ഓട്ടോ എന്ന പേരില്‍ കാറുകള്‍ക്കു മാത്രമായുള്ള ഒ.എസും ഉണ്ട്. ആന്‍ഡ്രേയ്ഡ് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന പി.സികളും ഡിജിറ്റല്‍ കാമറകളും ഗെയിം കണ്‍സോളുകളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്നുണ്ട്.