പതിനാറാം വയസ്സില്‍ ബലാല്‍സംഗത്തിനിരയായി, പുറത്തു പറഞ്ഞില്ല; പത്മ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍- കൗമാരപ്രായത്തില്‍ നേരിട്ട ലൈംഗികാതിക്രമം ആദ്യമായി തുറന്നു പറഞ്ഞ് അമേരിക്കന്‍ നടിയും മോഡലും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി രംഗത്ത്. ഏഴാം വയസ്സില്‍ ഇന്ത്യയില്‍വച്ചാണ് ആദ്യമായി ലൈംഗികാതിക്രമം നേരിട്ടതെന്നും പിന്നീട് 16ാം വയസ്സില്‍ ബലാല്‍സംഗത്തിനിരയായെന്നും ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പത്മ ലക്ഷ്മി വെളിപ്പെടുത്തി. ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുന്‍ ജീവിത പങ്കാളികൂടിയായ ലക്ഷ്മി കാമുകനില്‍ നിന്ന് നേരിട്ട ദുരനുഭവം വിശദമായി തന്നെ ലേഖനത്തില്‍ പറയുന്നുണ്ട്. സുന്ദരനും സുമുഖനുമായ 23കാരന്‍ കോളെജ് വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാകുമ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു. ലോസ് ആഞ്ചലസിലെ ഒരു മാളില്‍ പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്ന അക്കാലത്ത് ഈ കാമുകന്‍ കിന്നരിക്കാന്‍ വരുമായിരുന്നു. ഈ ബന്ധം ഏതാനും മാസം പിന്നിട്ട ശേഷം ഒരു ദിവസം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കാമുകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ലക്ഷ്മി പറയുന്നു.

പുറത്ത് കറങ്ങാന്‍ പോയി തിരിച്ചു വരുമ്പോഴെല്ലാം കാര്‍ നിര്‍ത്തി എന്റെ വീട്ടില്‍ കയറി അമ്മയോട് കുശലം പറഞ്ഞെ തിരിച്ചു പോകുമായിരുന്നുള്ളൂ. ഒരു ദിവസം അവന്‍ എന്നെ വീട്ടിലെത്തിച്ചില്ല. ആ രാത്രി ഞങ്ങള്‍ വളരെ അടുത്തു. ഞാനൊരു കന്യകയാണെന്ന് അവന് അറിയാമായിരുന്നു. അതേസമയം എപ്പോള്‍ സെക്‌സിന് റെഡിയാകാം എന്നതിനെ കുറിച്ച് എനിക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. പിന്നീട് ഒരു പുതുവത്സര രാവില്‍ കാമുകനുമായി കറങ്ങിയെ ശേഷം അവന്റെ അപാര്‍ട്‌മെന്റിലാണ് രാത്രി ഉറങ്ങിയത്. ഉണരുമ്പോള്‍ കാലുകള്‍ക്കിടയില്‍ കത്തി കുത്തിയതു പോലുള്ള കടുത്ത വേദന. മുകളില്‍ കാമുകനും. എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചു. കുറച്ചു സമയത്തേക്കു മാത്രമെ വേദനിക്കൂവെന്നായിരുന്നു അവരന്റെ മറുപടി- പത്മലക്ഷ്മി തുറന്നെഴുതി. ഇത് സെക്‌സ് ആണോ ബലാല്‍സംഗമാണോ എന്ന് തിരിച്ചറിയാത്ത പ്രായമായിരുന്നു. ഇതിനു ശേഷം വന്ന കാമുകന്‍മാരോടും കന്യകയാണെന്നു തന്നെയാണ് പറഞ്ഞതും. വൈകാരികമായി ഞാനിപ്പോഴും കന്യക തന്നെയാണ്- ലക്ഷ്മി പറയുന്നു. 

ഏഴാം വയസ്സില്‍ ഇന്ത്യയില്‍ വച്ചുണ്ടായ ലൈംഗികാതിക്രമവും ലക്ഷ്മി വിശദീകരിക്കുന്നു. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കഴിയാനാണ് ഏഴാം വയസ്സില്‍ എന്നെ ഇന്ത്യയിലേക്കയച്ചത്. ഇവിടെ വച്ച് ഒരു ബന്ധു എന്റെ കൈ പിടിച്ച് അയാളുടെ ലിംഗത്തില്‍ വച്ചു. ഇത് മുത്തശ്ശിയോട് പറഞ്ഞു. തുറന്നു പറഞ്ഞാല്‍ കുടുംബത്തിനു പുറത്താകുമെന്നായിരുന്നു അന്ന് പഠിച്ച പാഠം. ഈ കഥകളൊക്കെ പറഞ്ഞ് എനിക്ക് നേടാന്‍ ഒന്നുമില്ല. എന്നാല്‍ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള സത്യം പറയാന്‍ കാലതാമസം വരുത്തുകയാണെങ്കില്‍ അത് തലമുറകളായി പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ വേദനിപ്പിക്കാനുള്ള ഒരു പ്രതിരോധമായി മാറും- ലക്ഷ്മി എഴുതുന്നു.

 

Latest News