ലഖ്‌നൗ- 18 വര്‍ഷം മുമ്പ് ഉണ്ടായ സംഘര്‍ഷത്തിനിടെ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോടതി നോട്ടീസ് അയച്ചു. കേസില്‍ തുടര്‍വിചാരണയുടെ ഭാഗമായാണ് ആദിത്യനാഥിനും മറ്റു കുറ്റാരോപിതര്‍ക്കും മഹാരാജ്ഗഞ്ച് ജില്ലാ സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ ആദിത്യനാഥിന് ഒരാഴ്ചത്തെ സമയം കോടതി നല്‍കി. 1999 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഗൊരഖ്പൂര്‍ എം.പിയായിരുന്ന ആദിത്യനാഥ് ഉള്‍പ്പെടുന്ന സംഘം എസ്.പി നേതാക്കള്‍ നടത്തിയ ജയില്‍ നിറയ്ക്കല്‍ സമരത്തിനു നേരെ വെടിവച്ചെന്നാണ് കേസ്. മുന്‍ എസ്.പി നേതാവായ തലത് അസിയയുടെ പേഴ്‌സനല്‍ സെക്യുറ്റി ഓഫീസറായ സത്യപ്രകാശ് യാദവ് സംഭവത്തില്‍ വെടിയേറ്റു മരിച്ചു.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി നേരത്തെ ഈ കേസിലെ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് പുനപ്പരിശോധനാ ഹര്‍ജിയുമായി അസിയ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിച്ച് കേസ് വീണ്ടും തുടരാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.