Sorry, you need to enable JavaScript to visit this website.

ആധാറിന്റെ വിധി എന്താകും? മൂന്ന് സുപ്രധാന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യുദല്‍ഹി- എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമാക്കാനുള്ള ഭരണഘടനാ സാധുത ആധാര്‍ പദ്ധതിക്കുണ്ടോ എന്നതു സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വിധി പറയും. കൂടാതെ ജോലി സ്ഥാനക്കയറ്റങ്ങളില്‍ സംവരണം, കോടതി നടപടികള്‍ തത്സമയം പ്രക്ഷേപണം ചെയ്യല്‍ എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജികളിലും ഇന്ന് വിധി ഉണ്ടായേക്കും. രാജ്യം ഉറ്റു നോക്കുന്നത് അധാറിന്റെ വിധി എന്താകും എന്നാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്ത സമര്‍പ്പിച്ച 31 ഹര്‍ജികളില്‍ വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.കെ സിക്രി, ഡി.വൈ ചന്ദ്രചൂഡ്, എ.എം. ഖന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ജനുവരി 17ന് തുടങ്ങി 38 ദിവസം വാദം കേട്ട കേസ് മേയ് 17നാണ് വിധി പറയാന്‍ മാറ്റിയത്. 

പട്ടികജാതി, വര്‍ഗ ജീവനക്കാരുടെ സ്ഥാനക്കയറ്റില്‍ സംവരണത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച 2006ലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വിധിയാണ മറ്റൊന്ന്. വിവിധ വകുപ്പുകളിലായി ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്തുന്നതിന് വിഘാതമായി മുന്‍ കോടതി വിധിയില്‍ ഇന്ന് തീര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 

മൂന്നാമത്തെ വിധി കോടതി നടപടികളില്‍ കൂടുതല്‍ സുതാര്യത സംബനധിച്ചാണ്. കോടതി മുറിക്കുള്ളില്‍ നിന്ന് തത്സമയം നടപടികള്‍ സംപ്രേഷണം ചെയ്യാമോ എന്നകാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുക. കോടതി ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രത്യേക ടിവി ചാനല്‍ വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.
 

Latest News