മുംബൈ- ഫേസ് ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയരക്ടറും വൈസ് പ്രസിഡന്റുമായി മലയാളിയും ഹോട്ട്‌സ്റ്റാര്‍ സി.ഇ.ഒയുമായ അജിത് മോഹനെ നിയമിച്ചു. എറണാകുളം സ്വദേശിയായ അജിത് മോഹന്‍ അടുത്തവര്‍ഷം ആദ്യം ചുമതലയേല്‍ക്കും. ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഫേസ് ബുക്കിന്റെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുക ഇനി ഈ മലയാളിയായിരിക്കും. ജനങ്ങളുമായും സര്‍ക്കാരുമായും ബിസിനസുകളുമായും ഫേസ്ബുക്കിന്റെ ബന്ധം ശക്തമാക്കുന്നതിന് അജിത് മോഹന്‍ നേൃതൃത്വം നല്‍കുമെന്ന് കമ്പനി അറിയിച്ചു.
ഫേസ് ബുക്കിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ രാജ്യമാണ്. നിര്‍ണായകമായ ഇന്ത്യയിലെ നിക്ഷേപം മുന്നോട്ടു കൊണ്ടുപോകുന്നതിന് അജിത് മോഹന്റെ പരിചയസമ്പത്ത് തുണയാകുമെന്ന് ഫേസ് ബക്ക് ബിസിനസ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഡേവിഡ് ഫിഷര്‍ പറഞ്ഞു.
ഫേസ് ബുക്കിന്റെ ഇന്ത്യയിലെ അജണ്ട തീരുമാനിക്കുന്നതിനുള്ള അവസരമാണ് തനിക്ക് കൈവന്നിരിക്കന്നതെന്ന് അജിത് മോഹന്‍ പ്രതികരിച്ചു.
പല കോണുകളില്‍നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് അജിത് മോഹന്റെ ഇന്ത്യയിലെ നിയമനം. സ്വകാര്യ വ്യക്തികളുടെ ഡാറ്റകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് ഫേസ് ബുക്ക് നേരിടുന്ന ഏറ്റവും വലിയ ആരോപണം.