നാലു വര്‍ഷത്തിനിടെ 35 എയര്‍പോര്‍ട്ടുകള്‍? പ്രധാനമന്ത്രി മോഡിയുടെ മറ്റൊരു കള്ളം കൂടി പൊളിഞ്ഞു

ന്യൂദല്‍ഹി- സിക്കിമിലെ ആദ്യ വിമാനത്താവളം കഴിഞ്ഞ ദിവസം ഉല്‍ഘാടനം ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞത് പച്ചക്കള്ളമാണെന്ന് സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക കണക്കുകള്‍. 'ഇന്ത്യയിലെ 100 വിമാനത്താവളങ്ങളില്‍ 35 എണ്ണവും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ നിര്‍മ്മിച്ചതാണ്' എന്നായിരുന്നു മോഡിയുടെ അവകാശവാദം. എന്നാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പറയുന്നത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വെറും ഏഴു വിമാനത്താവളങ്ങള്‍ മാത്രമാണ് പുതുതായി നിര്‍മ്മിച്ചിട്ടുള്ളത് എന്നാണ്. 

'സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ 2014 വരെയുള്ള 67 വര്‍ഷത്തിനിടെ നിര്‍മ്മിച്ചത് 65 എയര്‍പോര്‍ട്ടുകളാണ്. പ്രതിവര്‍ഷം ശരാശരി ഒരു എയര്‍പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി ഒമ്പതു എയര്‍പോര്‍ട്ടുകളാണ് നിര്‍മ്മിച്ചത്,' ഇതാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത പച്ചക്കള്ളമാണ് മോഡിയുടെ ഈ അവകാശം വാദമെന്ന് തെളിയിക്കുന്നത് വ്യോമയാന മന്ത്രാലയത്തിന്റെ തന്നെ ഏറ്റവും പുതിയ വാര്‍ഷിക റിപോര്‍ട്ടാണ്.

2017-18ലെ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ വസ്തുകള്‍ നോക്കൂ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയില്‍ 129 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. ഇവയില്‍ 23 എണ്ണം രാജ്യാന്തര വിമാനത്താവളങ്ങളും 78 എണ്ണം ആഭ്യന്തര വിമാനത്താവളങ്ങളും 20 എണ്ണം സൈനിക വ്യോമതാവളങ്ങളോടനുബന്ധിച്ചുള്ള സിവില്‍ എന്‍ക്ലേവുകളുമാണ്. ലോക്‌സഭയില്‍ 2018 ജൂലൈ 19-ന് സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം 129 എയര്‍പോര്‍ട്ടുകളില്‍ സിവില്‍ എന്‍ക്ലേവുകള്‍ ഉള്‍പ്പെടെ 101 വിമാനത്താവളങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 28 എണ്ണം പ്രവര്‍ത്തിക്കുന്നില്ല.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് 2014 മാര്‍ച്ച് 31 വരെ എയര്‍പോര്‍ട് അതോറിറ്റിയുടെ ഉടമസ്ഥതയില്‍ 125 വിമാനത്താവളങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവയില്‍ 29 സിവില്‍ എന്‍ക്ലേവുകള്‍ ഉല്‍പ്പെടെ 94 എണ്ണം മാത്രമായിരുന്നു പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ബാക്കി 31 എണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് 2014-നും 2018-നുമിടയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചത് വെറും ഏഴു വിമാനത്താവളങ്ങള്‍ മാത്രമാണെന്നാണ്.

സിക്കിം എയര്‍പോര്‍ട്ടും പുതിയതല്ല
2008ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ എയര്‍പോര്‍ട്ടാണ് കഴിഞ്ഞ ദിവസം മോഡി ഉല്‍ഘാടനം ചെയ്ത സിക്കിമിലെ പക്യോങ് എയര്‍പോര്‍ട്ട്. 2014ല്‍ തന്നെ ഈ എയര്‍പോര്‍ട്ടിന്റെ 83 ശതമാനം പണികളും പൂര്‍ത്തീകരിച്ചിരുന്നവെന്നും സര്‍ക്കാര്‍ തന്നെ 2014ല്‍ ലോക്‌സഭയെ അറിയിച്ചതാണ്. കാലാവസ്ഥാ പ്രശ്‌നം, ഭൂകമ്പം, സമീപ വാസികളുടെ പ്രതിഷേധം, അടിക്കടിയുണ്ടാകുന്ന ബന്ദുകള്‍, ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച പ്രക്ഷോഭം തുടങ്ങി പല കാരണങ്ങളാല്‍ ഈ എയര്‍പോര്‍ട്ട് നിര്‍മ്മാണം വര്‍ഷങ്ങളോളം മുടങ്ങിക്കിടന്നെന്നും 2014 ജൂലൈ 21-ന് അന്നത്തെ സര്‍ക്കാര്‍ ലോക്‌സഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.
 

Latest News