ന്യൂദൽഹി- രാജ്യത്തെ നടുക്കിയ ദാദ്രി കൊലപാതകത്തിലെ പ്രതി രൂപേന്ദ്ര റാണ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു. ഉത്തർ പ്രദേശിലെ നോയിഡയിൽ നിന്ന് നവനിർമാൺ സേനയുടെ സ്ഥാനാർഥിയായി മത്സരിക്കാനാണ് റാണയുടെ പരിപാടി. രാജസ്ഥാനിൽ മുസ്‌ലിം തൊഴിലാളിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശംഭു ലാലിനെ ആഗ്രയിൽ മത്സരിപ്പിക്കാനും നവനിർമാൺ സേനക്ക് പരിപാടിയുണ്ട്.
ദാദ്രിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ഗ്രാമമായ ബിസാദയിൽ തന്നെ രൂപേന്ദ്ര റാണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് നവനിർമാൺ സേനയുടെ പരിപാടി.
ഗോമാതാവിനോടുള്ള ബഹുമാനത്തിന്റെ പേരിൽ രണ്ടര വർഷം ജയിലിൽ കഴിഞ്ഞ രൂപേന്ദ്ര റാണയാണ് തങ്ങൾക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയെന്ന് നവനിർമാൺ സേനയുടെ യു.പി അധ്യക്ഷൻ അമിത് ജാനി പറഞ്ഞു. ഗോസംരക്ഷണത്തിന് വേണ്ടി വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവരെ പോലെയല്ല, മറിച്ച് അത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചയാളാണ് റാണ എന്നും അമിത് ജാനി പറയുന്നു.