ന്യൂദൽഹി- അടുത്ത മാസം രണ്ടിനു വിരമിക്കും മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ വാദം പൂർത്തിയായ എട്ടു പ്രധാന കേസുകളിൽ അടുത്ത ദിവസങ്ങളിൽ വിധി പ്രഖ്യാപനമുണ്ടാവും. വിരമിക്കുന്നതിനു മുമ്പുള്ള അടുത്ത അഞ്ചു പ്രവൃത്തി ദിനങ്ങളിലായി ഇവയുടെ വിധി വരും. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ പുറപ്പെടുവിക്കുന്ന വിധിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 40 ദിവസം നീണ്ട വാദം കേൾക്കലിന് ശേഷമാണ് ഈ കേസിൽ വിധി പറയുന്നത്. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ സംവരണം, സുപ്രീം കോടതി നടപടികളുടെ തൽസമയം സംപ്രേഷണം, ക്രിമിനൽ കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ആജീവനാന്തം തെരഞ്ഞെടുപ്പുകളിൽ നിന്നു വിലക്കൽ തുടങ്ങിയ കേസുകളിലും വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളിൽ ഉൾപ്പെടുമ്പോൾ പുരുഷൻ കുറ്റക്കാരനും സ്ത്രീ ഇരയും ആകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 497-ാം വകുപ്പ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയും ജനപ്രതിനിധികൾ അഭിഭാഷകരാവുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും അഞ്ചു ദിവസത്തിനുള്ളിൽ വിധി പറയും.