ന്യുദല്‍ഹി- ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങാന്‍ കരാറൊപ്പിട്ട റഫാല്‍ പോര് വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും മികച്ച ആയുധ നിര്‍മ്മാണ കമ്പനികളിലൊന്നായ ഫ്രഞ്ച് കമ്പനി ഡാസ്സോ ആണ്. എ്ന്നാല്‍ ഈ രംഗത്ത് മുന്‍പരിചയവും തെളിയിക്കപ്പെട്ട വൈദഗ്ധ്യവും ഇല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനിക്ക് എങ്ങനെ പങ്കു ലഭിച്ചു എന്ന ചോദ്യമാണ് റഫാല്‍ വിവാദം കൊഴുക്കുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഇതിനു മറുപടിയും ന്യായീകരണവുമായി ഡാസ്സോ വൃത്തങ്ങള്‍ ഇപ്പാള്‍ രംഗത്തെത്തിയിരിക്കുന്നു. റിലയന്‍സിനെ തെരഞ്ഞെടുക്കാന്‍ കാരണമായി പറഞ്ഞത് രണ്ടു മാനദണ്ഡങ്ങള്‍ അവര്‍ പാലിക്കുന്നുവെന്നാണ്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനിയാണ്, നാഗ്പൂരില്‍ വിമാനത്താവള റണ്‍വെയ്ക്കു സമീപമായി സ്വന്തം ഭൂമിയും റിലയന്‍സിനുണ്ട്. എന്നീ യോഗ്യതകള്‍ മുന്‍നിര്‍ത്തിയാണ് റിലയന്‍സിന് പങ്കാളിത്തം ലഭിച്ചതെന്ന് ഡാസ്സോ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ ന്യായീകരണവും പ്രതിപക്ഷ പ്രതിഷേധവും അടക്കിലലെന്നുറപ്പാണ്. കടക്കെണിയില്‍ മുങ്ങിയ അനില്‍ അംബാനിയുടെ റിലയന്‍സിന് ഈ കരാറിലൂടെ കോടിക്കണക്കിന് ഡോളര്‍ വാരിക്കൂട്ടാന്‍ അവസരമൊരുക്കിയെന്ന പ്രതിപക്ഷ വാദത്തിന് ആരും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നേരിട്ടാവശ്യപ്പെട്ടുവെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നത് ഈ കരാരില്‍ നേരിട്ട് ഇടപെട്ട് 2016ല്‍ പുതുക്കി നിശ്ചയിക്കുകയും ഒപ്പിടുകയും പ്രധാനമന്ത്രി മോഡിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു ഉറപ്പിച്ച റഫാല്‍ കരാര്‍ പ്രകാരം പൊതുമേഖലാ പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ആയിരുന്നു ഡാസ്സോയുടെ ഇന്ത്യന്‍ പങ്കാളി. എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എച്ച.എ.എല്ലിനെ വെട്ടിയാണ് റിലയന്‍സിനെ ഉള്‍പ്പെടുത്തിയത്. കരാര്‍ ഒപ്പിടുന്നതിനു പത്തു ദിവസം മുമ്പ് മാത്രം രൂപീകരിച്ച റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിക്ക് ഈ കരാറില്‍ എങ്ങനെ പങ്കു ലഭിച്ചുവെന്ന ചോദ്യത്തിന് ഇതുവരെ കേന്ദ്ര സര്‍ക്കാരോ, ബി.ജെ.പിയോ തൃപ്തികരമായ ഒരു മറുപടിയും നല്‍കിയിട്ടില്ല.