ഇസ്ലാമാബാദ്- പാക്കിസ്ഥാനുമായുള്ള ചര്‍ച്ചയില്‍നിന്ന് ഇന്ത്യയുടെ പിന്മാറ്റത്തില് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വിമര്‍ശിച്ച് പാക് പ്രതിപക്ഷ പാര്‍ട്ടികള്‍. ആവശ്യമായ ഗൃഹപാഠമില്ലാതെ തിടുക്കപ്പെട്ട് നടത്തിയ നീക്കമാണ് പരാജയപ്പെട്ടതെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി ഇംറാന്‍ ഖാന് മാത്രമാണെന്നും പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി.
കശ്മീര്‍, തീവ്രവാദം ഉള്‍പ്പെടെ തന്ത്രപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇംറാന്‍ ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്താണ് വീണ്ടും സൗഹൃദത്തിന്റെ സാധ്യതകള്‍ തുറന്നിട്ടിരുന്നത്.
ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ സുഷമ സ്വരാജും മഹ്മൂദ് ഖുറേഷിയും തമ്മില്‍ യു.എന്‍ പൊതുസഭ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ സംഭാഷണം നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, കൊല്ലപ്പെട്ട ഭീകരന് ബുര്‍ഹാന്‍ വാനിയുടെ സ്റ്റാമ്പ് ഇറക്കിയതും കശ്മീരില്‍ പോലീസുകാര്‍ ഭീകരരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടതും മുന്‍നിര്‍ത്തി ഇന്ത്യ ചര്‍ച്ചയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. ചര്‍ച്ചാ നീക്കം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇംറാനാണെന്ന് മുഖ്യ പ്രതിപക്ഷ കക്ഷികളായ പാക്കിസ്ഥാന് മുസ്ലിം ലീഗും (എന്‍) പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും കുറ്റപ്പെടുത്തി.
ഇംറാന്‍ ഖാന് കാണിച്ച തിടുക്കം സ്വന്തം രാജ്യത്തിന്റെ വാദം ദുര്‍ബലപ്പെടുത്തിയതായി പാക് മുന്‍ വിദേശകാര്യ മന്ത്രിയും പി.എം.എല്‍-എന്‍ വക്താവുമായ ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.