തിരുവനന്തപുരം- ചെലവ് ചുരുക്കിയെങ്കിലും അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തണമെന്ന സിനിമാ പ്രേമികളുടെ ആവശ്യം സര്‍ക്കാര്‍ അനുഭാവത്തോടെ പരിഗണിക്കുന്നു. ആര്‍ഭാടം കുറച്ച് മേള നടത്തുന്നതിനുള്ള മാര്‍ഗരേഖ ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അമേരിക്കയില്‍ ചികില്‍സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള ഒഴിവാക്കാന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനത്തോട് സിനിമാ മന്ത്രി കൂടിയായ എകെ ബാലനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
മേളയ്ക്ക് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണെന്നും പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് പരമാവധി ചുരുക്കി മേള നടത്തണമെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രി കടുത്ത നിലപാട് എടുത്തതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് വീണ്ടും ആവശ്യം ശക്തമായി.