Sorry, you need to enable JavaScript to visit this website.

കൊച്ചിൻ ആന്റോ  ഇവിടെയുണ്ട്...

ഒഴുകിപ്പോയ കാലത്തിനോട് കാത് ചേർത്തു വെച്ചുനോക്കൂ. മലപ്പുറത്തെയും കോഴിക്കോട്ടെയും കല്യാണ വീടുകളിൽനിന്ന് ഒഴുകിപ്പരന്ന പാട്ടുകളിൽ ഒരു സ്ത്രീ ശബ്ദം കേൾക്കുന്നില്ലേ. പെൺ ശബ്ദത്തിൽ പാട്ടുപാടി സദസ്സിനെ ആനന്ദത്തിലാറാടിച്ച കൊച്ചിൻ ആന്റോയുടെ പാട്ട് ഇപ്പോഴും തഴുകുന്നുണ്ടാകും. 1950-കളിൽ ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടക ട്രൂപ്പിലൂടെ മലയാളക്കരയെ പാട്ടുപെട്ടിക്ക് മുന്നിലിരുത്തിയ കൊച്ചിൻ ആന്റോ ഇപ്പോൾ പാലക്കാട് തൃത്താലയിലെ സ്‌നേഹനിലയത്തിലാണ്. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന്റെ നാളുകളിലൊന്നിൽ കൊണ്ടോട്ടിയിൽ തളർന്നു വീണ ആന്റോയെ പോലീസുകാരും മറ്റും ചേർന്നാണ് തൃത്താലയിലെ സ്‌നേഹനിലയത്തിൽ എത്തിച്ചത്. 
ഏറെക്കാലമായി കൊണ്ടോട്ടിയിലാണ് ആന്റോ കഴിഞ്ഞുവരുന്നത്. മൂന്നു വയസ്സിലാണ് ആന്റോയുടെ അമ്മ മരിച്ചത്. അനാഥത്വത്തെ പാട്ടു കൊണ്ടായിരുന്നു ആന്റോ മറികടന്നത്. മരണത്തിനും ജീവിതത്തിനും ഇടയിൽ പാട്ടുകൊണ്ടൊരു വഴി തീർത്തു. ആ വഴിയിലൂടെ നടന്നാണ് കൊണ്ടോട്ടിയിലെത്തിയത്. ബാബുരാജും ഏറെക്കാലം കൊണ്ടോട്ടിയിലായിരുന്നു. കൊണ്ടോട്ടിയിലെ പാട്ടു കൂട്ടങ്ങളിൽ ആന്റോ നിത്യസാന്നിധ്യമായി. ആന്റോയിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞാണ് ബാബുരാജ് കൂടെക്കൂട്ടിയത്. 
സ്ത്രീ ശബ്ദത്തിൽ സുന്ദരമായി പാടാനുള്ള കഴിവ് ആന്റോക്ക് അവസരങ്ങളുടെ വൻ സാധ്യതകൾ തുറന്നിട്ടു. നാടകങ്ങളിൽ സ്ത്രീകളെ പാടാൻ ലഭിക്കാതിരുന്ന കാലത്ത് സ്റ്റേജിന് പിറകിലിരുന്ന് ആന്റോ മനോഹരമായി പാടി. ഹാർമോണിയവും വായിച്ചു. ബാബുരാജ് ഉപയോഗിച്ചിരുന്ന ഹാർമോണിയം ആന്റോയുടെ കൈവശമുണ്ടായിരുന്നു. പാട്ടു നിർത്തുന്ന കാലം വരെ അതിൽ ആന്റോ വിരലോടിക്കാറുണ്ടായിരുന്നു. 


ദക്ഷിണാമൂർത്തി, ദേവരാജൻ എന്നീ സംഗീതജ്ഞരോടും അഭിനേതാക്കളായ കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാണ്ടി എന്നിവരുമായും സഹകരിച്ചു. നാടകങ്ങളിൽ അവസരം കുറഞ്ഞതോടെ ആന്റോക്ക് മുന്നിലും മറ്റ് വഴികളില്ലായിരുന്നു. കൊണ്ടോട്ടിയിൽ സംഗീത ക്ലാസുകളും മറ്റുമായി ഉപജീവനം തേടി. ഇതിനിടയിലാണ് ഇക്കഴിഞ്ഞ 22ന് ആന്റോയെ കൊണ്ടോട്ടി ബസ് സ്റ്റാന്റിൽനിന്ന് അവശ നിലയിൽ കണ്ടെത്തിയത്. സംസാരശേഷി പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്. എങ്കിലും ആന്റോ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷ. നാളെ ആന്റോയെ ഓർമയുടെ തീരത്തേക്ക് തിരിച്ചെത്തിക്കാൻ സ്‌നേഹ നിലയത്തിന്റെ മുറ്റത്ത് മ്യൂസിക് തെറാപ്പി ഒരുക്കിയിട്ടുണ്ട്. കൊണ്ടോട്ടി, കാളികാവ്, നിലമ്പൂർ, മൊറയൂർ, താനൂർ, തിരൂർ, കുന്നംകുളം തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ തെറാപ്പിയിൽ പങ്കെടുക്കും. പഴയ ഗാനങ്ങളടങ്ങിയ സംഗീത പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. ഇനിയൊരിക്കൽ കൂടി ഈ പാട്ടുകൾ കേട്ടാൽ ആന്റോ തിരിച്ചെത്തുമെന്നാണ് സംഗീത ലോകം കരുതുന്നത്. 
ആന്റോയെ പാർപ്പിച്ച സ്‌നേഹ നിലയത്തിന്റെ നമ്പർ: +91 8589946737.

Latest News