ഹൈദരാബാദ്- മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്തിയ ആര്‍.എസ്.എസ് ബന്ധമുള്ള ഹിന്ദുത്വ ഭീകരരെ വെറുതെ വിട്ട വിധി പറഞ്ഞയുടന്‍ രാജിക്കത്ത് നല്‍കിയ മുന്‍ ഹൈദരാബാദ് (നാംപള്ളി) അഡീഷണല്‍ മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി കെ, രവിന്ദര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമറിയിച്ച് ഏതാനും നാളുകളായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബന്ധാരു ദത്തത്രേയയുമായി ബന്ധപ്പെട്ടുവരികയാണ് രവിന്ദര്‍. ഈയിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദിലെത്തിയപ്പോള്‍ രവിന്ദര്‍ അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു.
എന്നാല്‍ സംഘപരിവാറിന് അനുകൂലമായി വിധിപറഞ്ഞയുടന്‍ രാജിക്കത്ത് നല്‍കി സംശയങ്ങള്‍ക്കിടയാക്കിയ മുന്‍ ജഡ്ജിയെ പാര്‍ട്ടിയിലെടുക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ബി.ജെ.പി. അമിത് ഷായുടെ തീരുമാനം വരുന്നതു വരെ അല്‍പം കൂടി കാത്തിരിക്കാനാണ് ദത്തത്രേയ രവിന്ദര്‍ റെഡ്ഢിയെ അറിയിച്ചരിക്കുന്നത്. ഷാ തന്നെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തതായും സെപംബര്‍ 20ന് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുന്നതിന് എത്താന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായും രവീന്ദര്‍ പറയുന്നു. എന്നാല്‍ ഇദ്ദേഹത്തെ പാര്‍്ട്ടിയില്‍ എടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് തെലങ്കാനയിലെ ബി.ജെ.പി നേതൃത്വം പറയുന്നത്.
പാര്‍ട്ടിയില്‍ ചേരാനായി ബി.ജെ.പി ഓഫീസിലെത്തിയ രവീന്ദറിന് അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് നിരാശനായി മടങ്ങേണ്ടി വന്നു. ഇദ്ദേഹത്തെ നേതാക്കളാണ് ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തിയത്. തന്നെ പാര്‍്ട്ടിയിലെടുക്കുന്നതു സംബന്ധിച്ച തീരുമാനം രണ്ടും ദിവസത്തേക്ക് മാറ്റി വച്ചതായാണ് വെള്ളിയാഴ്ച രാവിലെ മുതിര്‍ന്ന നേതാവ് ദത്തത്രേയ അറിയിച്ചത്. ഇതിനു പിന്നില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്നും അറിയാന്‍ കഴിഞ്ഞു. ഇത് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് നാണക്കേടാണ്- തീരുമാനത്തില്‍ അതൃപ്തനായ രവീന്ദര്‍ പ്രതികരിച്ചു.
ഏപ്രില്‍ 19-ന് മക്കാ മസ്ജിദ് സ്‌ഫോനടക്കേസില്‍ പ്രതികളായ ഹിന്ദുത്വ ഭീകരര്‍ സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ, ദേവേന്ദര്‍ ഗുപ്ത, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഒരു തെളിവും ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ട വിധി പറഞ്ഞ് മിനുട്ടുകള്‍ക്കു ശേഷം പദവിയില്‍ രാജിവച്ച ജഡ്ജി രവീന്ദര്‍ റെഡ്ഡി ഏവരേയും അമ്പരിപ്പിച്ചിരുന്നു. എന്നാല്‍ ഈ രാജി ഹൈക്കോടതി തള്ളി. പിന്നീട് ഈയിടെയാണ് അദ്ദേഹം വിരമിച്ചത്. ഇതിനു പിന്നാലെയാണ് ബി.ജെ.പിയില്‍ ചേരാനുള്ള നീക്കങ്ങളാരംഭിച്ചത്. കുടുംബാധിപത്യമില്ലാത്ത, രാജ്യസ്‌നേഹമുള്ള പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ദേശദ്രോഹികളെ അടക്കി നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധതയുള്ള പാര്‍്ട്ടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കരിംനഗറിലെ ഹുസ്‌നാബാദില്‍ നിന്നോ അല്ലെങ്കില്‍ ഹൈദരാബാദ്, മേഡക് എന്നിവിടങ്ങളിലെ ഏതെങ്കിലുമൊരു സീറ്റില്‍ നിന്നോ മത്സരിക്കാനുള്ള താല്‍പര്യവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ഭൂമിരേഖ തട്ടിപ്പു കേസിലെ പ്രതിക്ക് അനര്‍ഹമായി പരിഗണന നല്‍കിയെന്ന പരാതിയും നേരത്തെ രവീന്ദറിനെതിരെ ഒരു അഭിഭാഷകന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നല്‍കിയിരുന്നു. ഈ കേസില്‍ പ്രതിക്ക് തിടുക്കപ്പെട്ട് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു പരാതി. പരാതി പരിഗണിച്ച കോടതിയുടെ രണ്ടു ദിവസത്തെ മാത്രം ചുമതല വഹിക്കുന്നതിനിടെയാണ് രവീന്ദര്‍ ജാമ്യം വിധി പറഞ്ഞതെന്നും ആ പരാതിയില്‍ പറയുന്നു.