അഹമ്മദാബാദ്- ഇരുപത്തിരണ്ടു വർഷം പഴക്കമുള്ള കേസിൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച റിമാന്റ് കാലാവധി വെള്ളിയാഴ്ച്ച അവസാനിക്കും. വെള്ളിയാഴ്ച്ച തന്നെ സഞ്ജീവിന് വേണ്ടി ജാമ്യാപേക്ഷ സമർപ്പിക്കും. എന്നാൽ, തിങ്കളാഴ്ച്ചയേ ജാമ്യാപേക്ഷ പരിഗണിക്കൂവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്.
അതിനിടെ, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് സഞ്ജീവിന്റെ ഭാര്യ ശ്വേത ഭട്ട് വ്യക്തമാക്കി. സഞ്ജീവിന്റെ ഫെയ്‌സ്ബുക്ക് എക്കൗണ്ട് വഴിയാണ് ശ്വേത ഇക്കാര്യം പറഞ്ഞത്. എതിരാളികൾ തങ്ങളേക്കാൾ ശക്തരായേക്കാമെന്നും എന്നാൽ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിറകോട്ട് പോകില്ലെന്നും അവർ വ്യക്തമാക്കി. സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ പറ്റി ഒരു വിവരവും പുറത്തുവന്നിട്ടില്ല. ഇതേതുടർന്ന് കഴിഞ്ഞദിവസം സോഷ്യൽ മീഡിയ ക്യാംപയിൻ ആരംഭിച്ചിരുന്നു. സഞ്ജീവ് ഭട്ട് എവിടെ എ്ന്ന ക്യാംപയിന് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ശ്വേതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
സഞ്ജീവിനെ പോലീസ് കൊണ്ടുപോയിട്ട് ഇത് പതിനാറാമത്തെ ദിവസമാണ്. ഇന്നാണ് സഞ്ജീവിന് തന്റെ അഭിഭാഷകനെ പോലും കാണാൻ അനുമതി ലഭിച്ചത്. നാളെ സഞ്ജീവിന്റെ റിമാന്റ് കാലാവധി അവസാനിക്കും. അവർ സഞ്ജീവിനെ പാലൻപൂർ കോടതിയിൽ ഹാജരാക്കും. ജാമ്യാപേക്ഷ എത്രയും വേഗം സമർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. നിർഭാഗ്യമെന്ന് പറയട്ടെ, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മിക്കവാറും തിങ്കളാഴ്ച്ചയാകും. അതായത് ഒരു വാരാന്ത്യം കൂടി സഞ്ജീവ് ജയിലിൽ തന്നെ കഴിയേണ്ടി വരുമെന്നർത്ഥം. ഇരുപത്തിരണ്ടു വർഷം പഴക്കമുള്ള ഈ കേസിൽ സഞ്ജീവിനെ ഒരുനിലക്കും ശിക്ഷിക്കാനാകില്ല എന്നുറപ്പുണ്ട്. കള്ളം പറഞ്ഞും തെളിവുകൾ മറച്ചുവെച്ചും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. സംസ്ഥാന സർക്കാറിന്റെ വൈരാഗ്യബുദ്ധിയാലുള്ള മുഴുവൻ പ്രവർത്തനങ്ങളും കോടതിക്ക് ബോധ്യപ്പെടുമെന്നും ഉറച്ചുവിശ്വസിക്കുന്നു.
തീർച്ചയായും സഞ്ജീവ് ഒറ്റയ്ക്കല്ല. അദ്ദേഹത്തിന്റെ സത്യസന്ധതയിലും ആത്മാർത്ഥതയിലും വിശ്വാസമുള്ള ആയിരകണക്കിനാളുകൾ കൂടെയുണ്ട്. അവരുടെ പിന്തുണയുണ്ട്. നമ്മളൊരുമിച്ച് സഞ്ജീവിനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും. നട്ടെല്ല് വളക്കാതെ നീതിക്ക് വേണ്ടി ഇനിയും ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. അവനെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർ ശക്തരായിരിക്കാം. എന്നാൽ ഒന്നിച്ചുനിൽക്കുന്ന നമ്മളും ശക്തിയിൽ കുറവുള്ളവരല്ല. നമ്മെ നിശബ്ദരാക്കാനും പറ്റില്ല.
ശ്വേത സഞ്ജീവ് ഭട്ടിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റും വായിക്കാം.
ഞാൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ്
സഞ്ജീവിനോടുള്ള നിങ്ങളുടെ അചഞ്ചലവും നിരുപാധികവുമായ പിന്തുണക്ക് നന്ദി. സഞ്ജീവിന്റെ സത്യസന്ധതക്കും ആർജവത്തിനും നിങ്ങൾ നൽകുന്ന പിന്തുണ എന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു.
വിയോജിപ്പിന്റെ ശബ്ദത്തെ എങ്ങിനെയാണ് ഗവൺമെന്റ് മൂടിക്കെട്ടുന്നത് എന്നതിന് കഴിഞ്ഞദിവസങ്ങൾ സാക്ഷി. പോലീസിനെയും ജുഡീഷ്യറിയെയും വ്യക്തിപരമായ കുടിപ്പക തീർക്കാൻ ഉപയോഗിക്കുകയാണ്. പ്രൊഫഷണൽ സത്യസന്ധതക്കാണോ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാണോ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ചോദ്യം പത്രപ്രവർത്തകരുടെ മുന്നിലുമുണ്ട്. സത്യവും നീതിയും പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഫാസിസ്റ്റ് ശക്തികൾക്കെതിരായ ശക്തിയേറിയ പോരാട്ടത്തിന്റെ സമയമാണിത്. മുമ്പുള്ളതിനേക്കാളേറെ ഊക്കോടെ നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ആവശ്യമുണ്ട്. അതിന് മാത്രമേ സഞ്ജീവിനെ ജയിലിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തിക്കാനാകൂ.
ഇപ്പോൾ സഞ്ജീവ് ഇവിടെയുണ്ടെങ്കിൽ ഗാന്ധിജിയുടെ വാചകം അദ്ദേഹം എടുത്തുദ്ധരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ വാചകം ഇതിന് മുമ്പ് ഒട്ടേറെ സമയങ്ങളിൽ അദ്ദേഹത്തിന് ശക്തിപകർന്നിട്ടുണ്ട്.
നിരാശനാകുമ്പോൾ ഞാൻ ചരിത്രത്തിന്റെ വഴികളിലേക്ക് നോക്കും. അക്രമികളും കൊലപാതകികളും ആ വഴി നടന്നിട്ടുണ്ട്. കടന്നുപോകുമ്പോൾ തങ്ങൾ അജയ്യരാണെന്ന് അവർക്ക് തോന്നും. തങ്ങളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ലെന്നും. എന്നാൽ ചരിത്രത്തിന്റെ വഴികളിൽ സത്യവും സ്‌നേഹവും മാത്രമമേ ജയിച്ചിട്ടുള്ളൂ. മുഴുവൻ അധർമ്മങ്ങളും അവസാനിക്കുന്നത് പരാജയത്തിലാണ്.
എല്ലാവരോടും നന്ദി
ധീരനായ സഞ്ജീവിനൊപ്പം എപ്പോഴും നിന്നതിന്,
അടിപതറാത്ത പിന്തുണ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന്,
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...