എല്ലാ വർഷവും പുതിയ ഐഫോണുകളോടൊപ്പം പുതിയ ഫോൺ സോഫ്റ്റ് വെയറും ആപ്പിൾ പുറത്തിറക്കാറുണ്ട്. പുതിയ ഫോൺ വാങ്ങുന്നില്ലെങ്കിലും സോഫ്റ്റ് വെയർ അപ്‌ഡേറ്റിലെ ഫീച്ചറുകൾ ഉപയോഗിക്കാം. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യാനുള്ള ക്ഷണം ഐഫോൺ നൽകിത്തുടങ്ങിയിട്ടുണ്ട്.
സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്താൽ ഐഫോണിന് സ്പീഡ് കുറയുന്നുവെന്ന പരാതി പരിഹരിക്കാൻ ഇക്കുറി ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. പുതിയ ഫോൺ വാങ്ങുന്നതിന് ഉപഭോക്താക്കളെ നിർബന്ധിതമാക്കുന്നതിനാണ് അപ്‌ഡേറ്റുകളിലൂടെ ഫോണുകളുടെ വേഗം കുറയ്ക്കുന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പഴയ ഫോൺ വലിച്ചെറിഞ്ഞ് പുതിയത് വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കാതരിക്കുമോ എന്നത് മറ്റൊരു ചോദ്യം. പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം പല ആപ്ലിക്കേഷനുകളും തുറന്ന ശേഷവും വളരെ വേഗം ക്യാമറ തുറന്ന് ഫോട്ടോ എടുക്കാൻ സാധിക്കുന്നുണ്ട്. സോഫ്റ്റ് വെയർ പ്രകടനം മെച്ചപ്പെടുത്താനാണ് കമ്പനി ഇത്തവണ അധിക ശ്രദ്ധ നൽകിയിരിക്കുന്നത്.
ഐഫോൺ ടെന്നിൽ അവതരിപ്പിച്ച മീമോജി കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട് പുതിയ അപ്‌ഡേറ്റിൽ. സ്വന്തം മുഖത്തിന്റെ രൂപം തന്നെ നൽകി അനിമോജികൾ നിർമിക്കാമെന്നതാണ് മീമോജിയുടെ പ്രത്യേകത. ഐഫോൺ ടെന്നിലേയും പുതിയ ഫോണുകളിലേയും ഫേസ് ട്രാക്കിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏതെങ്കിലും രൂപം സെലക്ട് ചെയ്ത് നിങ്ങൾ മുഖം ചലിപ്പിച്ച് സംസാരിച്ചാൽ കാർട്ടൂൺ സംസാരിക്കുന്നതായേ തോന്നുകയുളളൂ. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു മുഖവും സ്വീകരിക്കാൻ ഒട്ടനവധി ഇമോജികൾ ലഭ്യമാണ്. നിങ്ങളുടെ തന്നെ കാർട്ടൂൺ തയാറാക്കി മെസേജ് ആയി അയക്കാൻ അവസരമൊരുക്കുന്നതാണ് മീമോജി. ഫേസ് ടൈം ആരെങ്കിലും വീഡിയോ കാളിനു വന്നാൽ ഈ മിമോജികൾ വേണമെങ്കിൽ നിങ്ങളുടെ മുഖത്തിന്മേൽ ആവരണമാക്കാം.
പ്രതീതി യാഥാർഥ്യത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് ആപ്പിൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇതിന്റെ ഒരു സാധ്യത അറിയാൻ പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റിൽ അവസരമുണ്ട്.
നിങ്ങൾ കാണുന്ന വസ്തുക്കളുടെ അളവെടുക്കുന്നതിന് സഹായിക്കുന്നതാണ് ഐ.ഒ.എസ് 12 ലുള്ള മെഷർ ആപ്പ്. ഫോണിലെ ക്യാമറയും സെൻസറും ഉപയോഗിച്ച് നിർദേശങ്ങൾ പിന്തുടർന്നാൽ ഏതു വസ്തുവിന്റെ നീളവും വീതിയും അളക്കാം. വലിയ കാര്യമായിപ്പോയി എന്നു മനസ്സിൽ തോന്നിയാലും മെഷർ ആപ്പ് ആകർഷകമാണ്.
പേരു സൂചിപ്പിക്കുന്നതു പോലെ ഷോർട്ട് കട്ടുകൾ നിർമിക്കാൻ സഹായിക്കുന്നതാണ് അപ്‌ഡേറ്റിലുള്ള ഷോർട്ട് കട്ട്‌സ് ആപ്പ്. സമയമെടുത്ത് ചെയ്ത ടാസ്‌കുകൾ ആവർത്തിക്കുന്നതിന് ഇത് ഉപകരിക്കും. നിങ്ങൾക്കാവശ്യമയതെന്തും ഷോർട്ട്കട്ട്‌സിൽ ചേർക്കാം.
ഫോൺ അമിത ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സഹായിക്കുന്നതാണ് സക്രീൻ ടൈം. നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ വിവരങ്ങൾ വിലയിരുത്തി മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ അപ്‌ഡേറ്റിലുള്ള സ്‌ക്രീൻ ടൈം. നിങ്ങളും ഫോണും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ കൂടി സഹായിക്കുന്നതാണ് സ്‌ക്രീൻ ടൈം.
പുതിയ ഐ.ഒ.എസ് അപ്‌ഡേറ്റിൽ ഫോട്ടോസ് ആപ്പിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളും എപ്പോഴാണ് എടുത്തതെന്നും എളുപ്പത്തിൽ കണ്ടെത്താനും ഷെയർ ചെയ്യാൻ സഹായകമാകും.