സ്മാർട്ട് ഫോണുകൾ വഴി ബുക്ക് ചെയ്യുന്ന ഇലക്ട്രോണിക് ഡ്രോണുകൾ ഓഫീസ് കെട്ടിടത്തിന്റെ ടെറസിൽ വന്നിറങ്ങി ജീവനക്കാരെ വീടുകളിലെത്തിക്കുന്ന കാലം വരവായി. മണിക്കൂറുകളുടെ യാത്രാ സമയം ലാഭിക്കാനും പാർക്കിംഗ് പ്രശ്‌നം പരിഹരിക്കാനും ഉതകുന്ന പറക്കും കാറുകൾ വെറും സ്വപ്‌നമല്ലാതാകുന്ന കാലമാണ് വരുന്നത്. ജപ്പാൻ സർക്കാരിന്റെ പറക്കും കാർ പദ്ധതി വർഷാവസാനത്തോടെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. നിപ്പൺ എയർവേസും ഇലക്ട്രോണിക്‌സ് കമ്പനിയായ എൻ.ഇ.സി കോർപറേഷനും ഉൾപ്പെടെ ഒരു ഡസനിലേറെ കമ്പനികളും അക്കാദമിക് വിദഗ്ധരുമാണ് ഇതിനുള്ള റോഡ് മാപ്പ് തയാറാക്കിയിരിക്കുന്നത്. ഇത് മുഴുവനായും പുതിയൊരു മേഖലയാണ്. ജപ്പാന് ഇത് വൻ അവസരമൊരുക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥൻ ഫുമിയാകി എബിഹാര പറഞ്ഞു.
സുരക്ഷ, ബാറ്ററി ലൈഫ് തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ ഇനിയുമുള്ളതിനാൽ ജനങ്ങൾ ഉടൻ തന്നെ പറക്കും കാറുകളിൽ യാത്ര തുടുങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം കമ്പനികൾ ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പരമ്പരാഗത കാറുകളായും ആളുകളെ കയറ്റാവുന്ന ഡ്രോണുകളായും ഒട്ടനവധി മാതൃകകളുമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. എവിടെയും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ഇലക്ട്രിക് വിമാനമായാണ് പറക്കും കാർ വിഭാവന ചെയ്തിരിക്കുന്നത്. പൊതുവെ ഇത് ഇവിടോൾ എന്നു വിളിക്കപ്പെടുന്നു. ഇലക്ട്രിരക് വെർട്ടിക്കിൾ ടേക്ക് ഓഫ് ആന്റ് ലാൻഡിംഗിന്റെ ചുരുക്കമാണ് ഇവിടോൾ. ഹെലികോപ്റ്ററുകളേക്കാൾ ചെലവു കുറയുമെന്നതും സൗകര്യപ്രദമാകുമെന്നതുമാണ് പറക്കും ടാക്‌സി സങ്കൽപത്തിന് സ്വീകാര്യത നൽകുന്നത്. ഹെലികോപ്റ്ററുകൾക്ക് നല്ല പണെച്ചലവുണ്ട്, മാത്രമല്ല, വലിയ ശബ്ദവും. ഇതിനു പുറമെ പറത്താൻ പരിശീലനം നേടിയ പൈലറ്റുമാരും വേണം. ഡ്രോണുകളാകുമ്പോൾ ഈ പ്രശ്‌നങ്ങളൊന്നുമില്ല.
ഹോളിവുഡ് സനിമകളിലും ജപ്പാൻ കാർട്ടൂണുകളിലും പരിചയപ്പെട്ട വാഹനങ്ങളായ ഗുണ്ടാമും ഡോറിമോനുമൊക്കെ സംഭവ ലോകത്തേക്ക് വരികയാണ്. ഇപ്പോൾ ഇതൊരു സ്വപ്‌നമായിരിക്കാം. എന്നാൽ മോട്ടോറുകളുടെയും ബാറ്ററികളുടെയും പുതിയ കണ്ടുപിടത്തങ്ങളിലൂടെയും ഉടൻ യാഥാർഥ്യമാകാൻ പോകുകയാണെന്ന് എബിഹാര പറഞ്ഞു.
ഗൂഗിൾ, ഡ്രോൺ കമ്പനി ഇഹാംഗ്, ചൈനീസ് കാർ നിർമാതാക്കളായ ഗീലി, ജർമനിയിലെ വോക്‌സ്‌വാഗൺ എജി തുടങ്ങിയവ വൻ തുകയാണ് പറക്കും കാർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് മുതൽമുടക്കിയരിക്കുന്നത്. നിസാനും ഹോണ്ട മോട്ടോർ കോർപറേഷനും പറക്കും കാറുകളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജിക്കായി ടൊയോട്ട മോട്ടോർ കോർപറേഷൻ ഊബറുമായി ചേർന്ന് 500 ദശലക്ഷം ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. പറക്കും കാർ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജപ്പൻ സ്റ്റാർട്ടപ്പായ കാർട്ടിവേറ്ററിലും ടൊയോട്ട ഗ്രൂപ്പ് 3,75,000 ഡോളർ മുതൽമുടക്കി.
പ്രതീക്ഷകൾ വാനോളം ഉയരുകയാണ്. പറക്കും കാർ 2020 ടോക്കിയോ ഒളിംപിക്‌സിനു മുന്നോടിയായെങ്കിലും യാഥാർഥ്യമാകുമോ. ഈ ലക്ഷ്യം നേടാനാകുമെന്ന് ഒരുറപ്പുമില്ല. കഴിഞ്ഞ വർഷം പറക്കും കാർ പ്രദർശിപ്പിച്ചപ്പോൾ ഒരാൾ പൊക്കത്തിൽ എത്തിയപ്പോൾ തന്നെ തകർന്നു വീണിരുന്നു.
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ മേധാവി എലോൺ മസ്‌കിന് പറക്കും കാറിന്റെ വിജയ സാധ്യതയിൽ ഇപ്പോഴും സംശയമുണ്ട്. കളിപ്പാട്ട ഡ്രോണുകൾക്ക് പോലും വലിയ ശബ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ആയിരം ഇരട്ടിയെങ്കിലും ഭാരം വേണ്ടിവരും. പറക്കും കാർ വേണമെങ്കിൽ ഹെലികോപ്റ്ററിന് ചക്രം വെച്ചോളൂ എന്നാണ് അദ്ദേഹം നൽകുന്ന നിർദേശം. നിങ്ങളുടെ ടെറസിലോ വീടിന്റെ പിന്നാമ്പുറത്തോ പറക്കും കാർ കൊണ്ടുവന്നിറക്കുന്നത് ഒരിക്കലും അയൽക്കാർ ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.
അമേരിക്കൻ കമ്പനികളുമായി ചേർന്നാണ് ജപ്പാൻ ഇവിടോൾ യന്ത്രങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നത്. എയർ സർവീസ് തുടങ്ങുമെന്നും ജപ്പാനിലായിരിക്കും തുടക്കമെന്നും ഊബർ പറയുന്നു. ലോസ് ആഞ്ചലസ്, ഡള്ളാസ്, കെട്കാസ് എന്നിവക്കു പുറമെ, ഓസ്‌ട്രേലിയ, ബ്രസീൽ, ഫ്രാൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ചില സ്ഥലങ്ങളും പരിഗണനയിലുണ്ട്.