മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും, നാടൻ പാട്ടുകളുടെ താളത്തിൽ ആറാടിക്കുകയും ഒടുവിൽ കണ്ണീരണിയിച്ച് കടന്നുപോവുകയും ചെയ്ത കലാഭവൻ മണിയുടെ ജീവിതം സിനിമയാകുന്നു.
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. സ്റ്റേജ് ഷോകളിലൂടെ മിനി സ്‌ക്രീനിലെത്തിയ രാജാമണിയാണ് ചിത്രത്തിൽ മണിയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നടുവിൽ വളർന്ന മണിയുടെ കുട്ടിക്കാലവും, പ്രകൃതിയുടെ ശബ്ദങ്ങളെ അനുകരിച്ച് മിമിക്രിയിലേക്ക് കടന്നുവരുന്നതും പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തുന്നതുമെല്ലാമടങ്ങുന്നതാണ് ചാലക്കുടിക്കാരൻചങ്ങാതിയുടെ കഥ. മണിയുടെ മരണത്തിന് കാരണമായ കാര്യങ്ങളെക്കുറിച്ച് ചിത്രത്തിൽ എന്താണ് പറയുന്നതെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ധർമ്മജൻ, വിഷ്ണു, സലിംകുമാർ, ജോജു ജോർജ്ജ്, ടിനി ടോം, ജനാർദനൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, ശ്രീകുമാർ, ജയൻ, കലാഭവൻ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയൻ, കലാഭവൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. ഹരിനാരായണന്റെ വരികൾക്ക് ബിജിബാലാണ് സംഗീതം. വിനയനാണ് കഥയും തിരക്കഥയും. സംഭാഷണം ഉമ്മർ കാരിക്കാട്.