മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ സ്ഫടികത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്ന വാർത്ത ക്ഷുഭിതനാക്കിയത് മറ്റാരെയുമല്ല. സ്ഫടികത്തിന്റെ സംവിധായകനായ ഭദ്രനെതന്നെ.
'സ്ഫടികം ഒന്നേയുള്ളൂ. അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇതെന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ...' എന്നായിരുന്നു ഭദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
മലയാളി പ്രേക്ഷകർ സഹർഷം ഏറ്റുവാങ്ങിയ ആടുതോമയുടെ കഥ വീണ്ടും വരുന്നത് പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യമാണ്. ആടു തോമയായി മോഹൻലാലിന്റെ വരവ് ലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഭദ്രൻ ഉടക്കിട്ടത്.
1995ൽ പുറത്തിറങ്ങിയ സ്ഫടികം വൻ വിജയമായിരുന്നു. ഇതേത്തുടർന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കാൻ ഓഫർ ഉണ്ടായിരുന്നുവെന്നും എന്നാൽ സാമ്പത്തിക ലാഭം മാത്രം നോക്കി രണ്ടാം ഭാഗത്തിന് താൻ തയ്യാറായിരുന്നില്ലെന്നും ഭദ്രൻ നേരത്തേ വെളിപ്പെടുത്തിയിരുന്നതാണ്. 23 വർഷങ്ങൾക്കുശേഷം ഇപ്പോഴിതാ ആടുതോമയുടെ മകന്റെ കഥയുമായാണ് സ്ഫടികം 2 വരുന്നത്. സംവിധാനം ബിജു ജെ കട്ടയ്ക്കൽ. യുവേഴ്‌സ് ലൗവിംഗ്‌ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു.