Sorry, you need to enable JavaScript to visit this website.

കൊച്ചുണ്ണിയുടെ ജാനകി

കായംകുളം കൊച്ചുണ്ണിയിൽ പ്രിയയും നിവിൻ പോളിയും.

എസ്ര എന്ന ഹൊറർ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലെത്തിയ പ്രിയ ആനന്ദ് വീണ്ടുമെത്തുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് പ്രിയ തിരിച്ചെത്തുന്നത്. നിവിൻ പോളിയുടെ നായികയായി ജാനകി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ ഭാഷകളിലെല്ലാം സാന്നിധ്യമറിയിച്ച പ്രിയ മലയാള സിനിമ ചെയ്യാൻ ആഗ്രഹിച്ച സമയത്താണ് കായംകുളം കൊച്ചുണ്ണിയിലേയ്ക്ക് അവസരം ലഭിച്ചത്.
ചന്തുവും തച്ചോളി ഒതേനനും പഴശ്ശിരാജയുമെല്ലാം അരങ്ങുവാണ മലയാള സിനിമയിൽ കള്ളന്മാരുടെ തലതൊട്ടപ്പനായ കൊച്ചുണ്ണിയുമെത്തുകയാണ്, പുതിയ രൂപത്തിലും ഭാവത്തിലും. നന്മ നിറഞ്ഞ ആ കള്ളന് കൂട്ടായി എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷവതിയാണ് പ്രിയ.


റോഷൻ ആൻഡ്രൂസിനെ മുംബൈയിൽ കണ്ടുമുട്ടിയതാണ് പ്രിയയ്ക്ക് ചിത്രത്തിലേയ്ക്കുള്ള അവസരമൊരുക്കിയത്. പുതിയ ചിത്രത്തെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചപ്പോൾ ചിത്രത്തിൽ അഭിനയിക്കണമെന്നു തോന്നി. ഇത്ര വലിയൊരു പ്രോജക്ടിൽ തനിക്കും ഒരിടം ലഭിക്കുമെന്ന് പ്രിയ കരുതിയതല്ല. കുറച്ചുദിവസം കഴിഞ്ഞ് റോഷൻ തന്നെയാണ് ജാനകിയുടെ വേഷം അഭിനയിക്കാമോ എന്ന് പ്രിയയോടു ചോദിക്കുന്നത്. ശരിക്കും അത്ഭുതത്തോടെയായിരുന്നു അത് കേട്ടത്.
ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽനിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ജാനകി. സാധാരണ നിലയിൽനിന്നും മാറി ഒട്ടും ഗ്ലാമറസാകാത്ത കഥാപാത്രം. പുതിയ പശ്ചാത്തലവും ഭാവവുമെല്ലാം ആ ചിത്രത്തിനുണ്ടായിരുന്നു. യാതൊരു മുൻവിധിയോടെയുമായിരുന്നില്ല സെറ്റിലെത്തിയത്. സംവിധായകൻ എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു. അതുകൊണ്ടുതന്നെ ജാനകി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനുള്ളതാണ്. അക്കാലത്തെ ജീവിത ശൈലിയും വസ്ത്രധാരണ രീതിയുമെല്ലാം അതേപടിയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.


കൊച്ചുണ്ണിയായെത്തുന്ന നിവിൻ പോളി എപ്പോഴും പുഞ്ചിരിയോടെയാണ് എത്താറുള്ളത്. സിനിമാ ജീവിതത്തിൽ നിവിന് ഒരു വഴിത്തിരിവായിരിക്കും ഈ ചിത്രം. ആക്ഷനും സെന്റിമെന്റ്‌സും ഹാസ്യവുമെല്ലാം കോർത്തിണക്കി ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചതെന്നും പ്രിയ പറയുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ വേഷമിട്ടാണ് പ്രിയ മലയാളത്തിലെത്തുന്നത്. ആദ്യചിത്രമായ എസ്ര മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ ഏറെ സന്തുഷ്ടയാണ് പ്രിയ.
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഭരദ്വാജ് ആനന്ദിന്റെയും രാധയുടെയും ഏകമകളാണ് പ്രിയ. ചെന്നൈയിലാണ് ജനിച്ചതെങ്കിലും വളർന്നത് ഹൈദരാബാദിലായിരുന്നു. ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് ചേക്കേറിയ പ്രിയ, അൽബേനി സർവ്വകലാശാലയിൽനിന്നും കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജിലെ ടി.വി. സ്റ്റേഷന്റെ ചുമതലയും പ്രിയക്കായിരുന്നു.
പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയെങ്കിലും സിനിമാഭിനയത്തേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എങ്കിലും സിനിമ ഒരു പാഷനായി കൂടെയുണ്ടായിരുന്നു. സിനിമയെക്കുറിച്ച് കൂടുതലറിയാൻ ശങ്കറിന്റെ സംവിധാന സഹായി ആകാനായിരുന്നു മോഹം. ഇതിനിടയിലാണ് മോഡലിംഗിൽ ശ്രദ്ധ പതിച്ചത്. തുടർന്ന് നാച്വറൽ മഹാ ലാക്‌ടോ, പ്രിൻസസ് ജ്വല്ലറി ഡയമണ്ട് കളക്ഷൻ, കാഡ്ബറി ഡയറി മിൽക്ക് തുടങ്ങി പ്രശസ്ത സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ മോഡലായി.


തെലുങ്ക് ചിത്രമായ ലീഡറിലൂടെയായിരുന്നു സിനിമാ പ്രവേശം. ചിത്രത്തിൽ രടപ്രഭ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രശസ്ത തെലുങ്ക് സംവിധായകൻ ശേഖർ കമുലയുടെ അസിസ്റ്റന്റ് ഫേസ്ബുക്കിൽ ഫോട്ടോ കണ്ടാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. ലീഡറുടെ വിജയം രാമരാമ കൃഷ്ണകൃഷ്ണ എന്ന ചിത്രത്തിലേയ്ക്കും അവസരം നൽകി.
തമിഴിൽ പ്രിയ ആദ്യമായി മുഖം കാണിച്ച ചിത്രം പൂകൈപ്പടം ആയിരുന്നു. ചിത്രത്തിൽ മലയാളി പെൺകുട്ടിയായ ഷൈനി ജോർജിനെയായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ചിത്രം പുറത്തിറങ്ങാൻ വൈകി. അങ്ങനെയാണ് ആദ്യതമിഴ്ചിത്രം വാമനൻ ആകുന്നത്. സുബ്രഹ്മണ്യപുരം ഫെയിം ജയ് നായകനായ ഈ ചിത്രത്തിൽ പ്രിയയും ലക്ഷ്മി റായിയുമായിരുന്നു നായികമാർ.
ഹിന്ദിയിലേയ്ക്കുള്ള അരങ്ങേറ്റം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു. നടി ശ്രീദേവിയുടെ ഫാനെന്ന നിലയിലാണ് ഈ ചിത്രത്തിൽ വേഷമിട്ടത്. കുട്ടിക്കാലംതൊട്ടേ ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയായിരുന്നു ശ്രീദേവി. അവർക്കൊപ്പം രാധ എന്ന പെൺകുട്ടിയായി വേഷമിട്ടത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നു. മികച്ച സഹനടിക്കുള്ള സീ സിനിമാ അവാർഡിനും സ്റ്റാർ ഗൈഡ് അവാർഡിനും ഈ ചിത്രം അർഹയാക്കി.


റഗ്രിസ് ആയിരുന്നു അടുത്ത ചിത്രം. കൂടാതെ ഫുക്രിയിലും വേഷമിട്ടു. ഫുക്രിയുടെ രണ്ടാം ഭാഗത്തിലും വേഷമിട്ടു. എതിർ നീച്ചലിലെ ഗീത, വണക്കം ചെന്നൈയിലെ അഞ്ജലി രാജ് മോഹൻ, അരിമനമ്പിയിലെ അനാമിക, ഇരുമ്പുകുതിരൈയിലെ സംയുക്ത, ഒരു ഊർള രണ്ടു രാജയിലെ പ്രിയ, വൈ രാജാ വൈയിലെ പ്രിയ, മുത്തു രാമലിങ്കത്തിലെ വിജി, രാജകുമാര#യിലെ നന്ദിനി, കൂട്ടത്തിൽ ഒരുത്തനിലെ ജനനി തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. എൽ.കെ.ജി എന്ന തമിഴ് ചിത്രത്തിലും, ഓറഞ്ച് എന്ന കന്നഡ ചിത്രത്തിലും വേഷമിട്ടുവരികയാണിപ്പോൾ.
തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി പല ഭാഷകളിലും വേഷമിട്ടു. എവിടെയും ഭാഷ ഒരു പ്രശ്‌നമായില്ല. ഓരോ ഭാഷയിലും അഭിനയിക്കുമ്പോൾ പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ് ഒരു കലാകാരി എന്ന നിലയിൽ ലഭിക്കുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽനിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു കൊച്ചുണ്ണിയിൽനിന്നും ലഭിച്ചത്. വമ്പൻ സെറ്റും വലിയ ആൾക്കൂട്ടവും ഒട്ടേറെ ജൂനിയർ ആർട്ടിസ്റ്റുകളുമെല്ലാമായി വേറിട്ട അനുഭവം തന്നെയായിരുന്നു അത്. പഴയ കായംകുളം ഇന്ന് ഏറെ മാറിയതിനാൽ ശ്രീലങ്കയിലെ ഒരു ഗ്രാമമാണ് കായംകുളമായി ചിത്രീകരിച്ചത്.
ജാനകിയെ ഒരിക്കലും മറക്കാനാവില്ല. ആറു മാസത്തോളമെടുത്താണ് ഈ ചിത്രം പൂർത്തീകരിച്ചത്. ഈ കാലയളവിൽ മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകിയിരുന്നില്ല. അത്രത്തോളം തയ്യാറെടുപ്പും സജ്ജീകരണങ്ങളും ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു.
തമിഴിൽനിന്നും കന്നഡയിൽനിന്നും നിരവധി ഓഫറുകളെത്തിയിട്ടുണ്ട്. എങ്കിലും മലയാളത്തിൽ ഇനിയും നല്ല വേഷങ്ങളിൽ അഭിനയിക്കണമെന്നാണ് മോഹം.

Latest News