Sorry, you need to enable JavaScript to visit this website.

ദല്‍ഹി വാഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റായ എ.ബി.വി.പി നേതാവ് പ്രവേശനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്

ന്യൂദല്‍ഹി- ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ജയിച്ച സംഘവരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി നേതാവ് അങ്കിവ് ബയ്‌സോയ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് ആരോപണം. തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ബയ്‌സോയ ദല്‍ഹി യുണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയത്. ഈ മാര്‍ക്ക് ലിസ്റ്റ് വ്യാജമാണെന്ന് വെല്ലൂരിലെ തിരുവള്ളവര്‍ യുണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി അശോകന്‍ പറഞ്ഞു. അങ്കിവ് ബയ്‌സോയ എന്ന ഒരു പേരില്‍ ഒരു വിദ്യാര്‍ത്ഥിയും തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയിലോ അഫിലിയേറ്റഡ് കോളെജുകളിലോ പഠിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ദല്‍ഹി ഉള്‍പ്പെടെ ഒരിടത്തും ശാഖകളുമില്ല- അശോകന്‍ പറഞ്ഞു. തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിക്കു കീഴില്‍ നൂറിലേറെ അഫിലിയേറ്റഡ് കോളെജുകളുണ്ട്. ഇവിടെ ഒന്നും ഈ പേരില്‍ ഒരാള്‍ പഠിച്ചിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണ്. ഇത്തരത്തിലുള്ള പല പരാതികളും ഞങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളുടെ പേരില്‍ വ്യാജ സ്ഥാപനങ്ങള്‍ നല്‍കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റി ഉത്തരവാദിയല്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി. 

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഈ സര്‍ട്ടിഫിക്കറ്റ് തിരുവള്ളുവര്‍ യുണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് വെരിഫൈ ചെയ്തത്. യൂണിവേഴ്‌സിറ്റി നല്‍കിയ മറുപടി ഉയര്‍ത്തിക്കാട്ടി എന്‍.എസ്.യു.ഐ ആണ് എ.ബി.വി.പി നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വെല്ലൂരില്‍ പഠിച്ചിട്ടുണ്ടെന്ന അങ്കിതിന്റെ അവകാശ വാദത്തില്‍ സംശയം തോന്നിയ എന്‍.എസ്.യു.ഐ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അങ്കിതിന്റെ ബിരുദ മാര്‍ക് ലിസ്റ്റിന്റെ പകര്‍പ്പ് സംഘടിപ്പിച്ച് വെല്ലൂരിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതു പരിശോധിച്ചതോടെ ആ വര്‍ഷം അങ്കിത് ബയ്‌സോയ എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി പഠിച്ചതായി ഒരാളും ഓര്‍ക്കുന്നില്ല. വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി സ്ഥിരീകരിക്കുകയും ചെയ്തതോടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളയുകയായിരുന്നു.

അങ്കിത് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയുടെ പേര് പോലും തെറ്റിച്ചാണ് എഴുതിയിരിക്കുന്നത്. മാത്രവുമല്ല വെറും ബി.എ മാത്രമാണ് എഴുതിയിട്ടുള്ളൂ. ഏതാണു വിഷയമെന്നും രേഖപ്പെടുത്തിയിട്ടില്ല. പേപ്പറുകളുടെ പേരുകളും കൃത്യമായി എഴുതിയിട്ടില്ല. കോര്‍ തിയറി, ഇലക്ടീവ്, അലീഡ്, നോന്‍ മേജര്‍ ഇലക്ടീവ് എന്നിങ്ങനെ വ്യത്യസ്ത പേപ്പറുകളെ വിശേഷണം മാത്രമെ ഉള്ളൂ. 

അതേസമയം ഈ ആരോപണം അങ്കിത് ബയ്‌സോയ തള്ളി. എന്‍.എസ്.യു.ഐക്കെതിര അപകീര്‍ത്തി കേസ് കൊടുക്കുമെന്നും യൂണിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും അങ്കിത് പറഞ്ഞു. സര്‍ട്ടിഫിക്കറ്റിനെ കുറിച്ചു ചോദിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടാനാണ് അങ്കിത് ആവശ്യപ്പെട്ടത്.
 

Latest News