ന്യൂദല്‍ഹി- ബോളിവുഡ് താരവും മുന്‍ സെക്‌സ് നടിയുമായ സണ്ണി ലിയോണിന്റെ പൂര്‍ണകായ മെഴുകു പ്രതിമ ദല്‍ഹിയിലെ മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ അനാഛാദനം ചെയ്തു.
സെക്‌സ് നടിയായിരുന്ന സണ്ണി ലിയോണിനെ എതിര്‍ക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയക്കാരുണ്ടെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ മുഖ്യധാര ഈ നടിയെ നെഞ്ചേറ്റിയെന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അറേഞ്ച്ഡ് വിവാഹങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും സെലിബ്രിറ്റികളുടെ ചുംബനം ഒന്നാം പേജ് വാര്‍ത്തയുമാകുന്ന രാജ്യത്ത് പോണ്‍ സ്റ്റാറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സാധിച്ചത് ഇന്ത്യയിലെ സാംസ്‌കാരിക മൂല്യങ്ങളില്‍ സംഭവിച്ച മാറ്റമായും പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ വിലയിരുത്തി.
കനഡയില്‍ ജനിച്ച ഇന്ത്യന്‍ വംശജയായ സണ്ണി ലിയോണ്‍ 2012 ല്‍ ബോളിവുഡില്‍ പ്രവേശിക്കുന്നതുവരെ സെക്‌സ് ഫിലിമുകളിലാണ് അഭിനയിച്ചിരുന്നത്. കനഡയില്‍ സിഖ് പഞ്ചാബി കുടുംബത്തില്‍ ജനിച്ച കരണ്‍ജിത് കൗര്‍ വോറയാണ് സണ്ണി ലിയോണ്‍ എന്ന പേരു സ്വീകരിച്ച് സെക്‌സ് ഫിലിമുകളില്‍ പ്രവേശിച്ചത്. അഭിനയശേഷിയില്‍ വിമര്‍ശകര്‍ സംശയം ഉന്നയിക്കാറുണ്ടെങ്കിലും ബോളിവുഡ് സിനിമകളും ഡോക്യുമെന്ററിയും നെറ്റ്ഫഌക്‌സ് സീരിയലും സണ്ണി ലിയോണിന് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തു. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന പേരുകളിലൊന്നാണ് സണ്ണി ലിയോണ്‍.
ബോളിവുഡ് താരങ്ങളായ മധുബാല, കത്രീന കൈഫ് തുടങ്ങിയ താരങ്ങളോടൊപ്പവും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പവുമാണ് സണ്ണി ലിയോണും മെഴുക് പ്രതിമയായി സ്ഥാനം പിടിച്ചിരിക്കുന്നത്.
സണ്ണിലിയോണ്‍ പ്രത്യക്ഷപ്പെട്ട ടി.വി റിയാലിറ്റി ഷോ 2011 ല്‍ ഇന്ത്യയില്‍ ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ച വിവാദമാക്കിയിരുന്നു. ചാനലിനെതിരെ നടപടി സ്വീകരിക്കണമെന്ന് അന്ന് യുവമോര്‍ച്ച പ്രസിഡന്റും എം.പിയുമായിരുന്ന അനുരാഗ് താൂക്കൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. സെക്‌സ് താരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്നത് കുട്ടികളുടെ മനസ്സ് ചീത്തയാക്കുമെന്നായിരുന്നു അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സണ്ണി ലിയോണിനെ അവതരിപ്പിക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് അതുല്‍ കുമാര്‍ അഞ്ജനും 2015 ല്‍ രംഗത്തുവന്നിരുന്നു. സെക്‌സിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത് ഇന്ത്യയല്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പോണ്‍ വ്യവസായത്തില്‍ ജോലി ചെയ്തതില്‍ ഖേദിക്കുന്നുണ്ടോയെന്ന് ചാനല്‍ അഭിമുഖത്തില്‍ ഭൂപേന്ദ്ര ചൗബേ 37 കാരിയായ സണ്ണി ലിയോണിനോട് ചോദിച്ചതും ഇന്ത്യന്‍ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കോളിളക്കം സൃഷ്ടിച്ചിരുന്നു.
മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്നത് കാര്യമാക്കാറില്ലെന്ന് പ്രതിമ അനാഛാദനത്തിനെത്തിയ സണ്ണി ലിയോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മനസ്സു തുറക്കുന്ന സ്ത്രീകളേയാണ് തന്റെ പ്രതിമ പ്രതിനിധീകരിക്കുന്നതെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമയോടൊപ്പം സണ്ണിലിയോണിനേയും ക്യാമറയില്‍ പകര്‍ത്താന്‍ ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ മ്യൂസിയത്തില്‍ എത്തിയിരുന്നു.