Sorry, you need to enable JavaScript to visit this website.

തെലങ്കാനയിലെ ദുരഭിമാനക്കൊല: ഒരു കോടിയുടെ ക്വട്ടേഷനും പിന്നെ പാക് ബന്ധവും; പോലീസ് പറഞ്ഞ കഥ

നല്‍ഗോണ്ട- തെലങ്കാനയില്‍ ജാതി ദുരഭിമാനത്തിന്റെ പേരില്‍ രണ്ടു ദിവസം മുമ്പ് ഗര്‍ഭിണിയായ ഭാര്യയ്ക്കു മുന്നിലിട്ട് പട്ടിക ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ബിഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ്. പിടിയിലായവരില്‍ കൊലയാളിയും ഉള്‍പ്പെടുമെന്നും പോലീസ് പറയുന്നു. മേല്‍ജാതി വിഭാഗത്തില്‍പ്പെട്ട സമ്പന്ന കുടുംബാംഗമായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം ചെയതതിനാണ് എഞ്ചിനീയറായ പ്രണയ് കുമാറിനെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നില്‍ തന്റെ അച്ഛനും അമ്മാവനുമാണന്ന് പ്രണയിന്റെ ഭാര്യ അമൃതവര്‍ഷിനി റാവു പോലീസില്‍ പരാതിപ്പെട്ടിരുന്നു.

ബിഹാറില്‍ നിന്ന് പിടികൂടിയ പ്രതികളെ ഒരു കോടി രൂപ പ്രതിഫലത്തിനാണ് കൊലപാതകത്തിനായി നിയോഗിച്ചത്. ഇവര്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപോര്‍ട്ടുണ്ട്. കൊലനടത്തിയ പ്രതികള്‍ക്ക് പ്രതിഫലത്തുകയില്‍ 18 ലക്ഷം രൂപ മാത്രമാണ് കൈമാറിയിട്ടുള്ളത്. പിടിയിലായ കൊലയാളി 2003ലെ ഗുജറാത്ത് മന്ത്രി ഹരേണ്‍ പാണ്ഡ്യ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്തയാളാണെന്നും പോലീസ് പറയുന്നു.

മൂന്നു മാസം ഗര്‍ഭിണിയായ അമൃതയെ പരിശോധിക്കാന്‍ നല്‍ഗോണ്ടയിലെ ആശുപത്രിയിലെത്തിയപ്പോഴാണ് നടുറോട്ടിലിട്ട് ആക്രമി പ്രണയിനെ പിന്നില്‍ നിന്നും വെട്ടിവീഴത്തി ഓടി രക്ഷപ്പെട്ടത്. ഈ ദൃശ്യം സിസിടിവ കാമറയില്‍ പതിയുകയും ഇതു പിന്നീട് വൈറലാകുകയും ചെയ്തിരുന്നു. സഭവത്തില്‍ പിന്നില്‍ അച്ഛന്‍ മാരുതി റാവുവും അമ്മാവന്‍ ശരവണ്‍ റാവുവുമാണെന്നാണ് അമൃതയുടെ ആരോപണം.

റിയല്‍ എസ്റ്റേറ്റ് വ്യവസായിയാ അമൃതയുടെ അച്ഛന്‍ മാരുതി റാവു അതിസമ്പന്നനും പ്രാദേശികമായി സ്വാധീനമുള്ള വ്യക്തിയുമാണ്. പ്രണയുമായുള്ള വിവാഹ ബന്ധത്തില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്ന അച്ഛനാണ് അമൃതയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് സംശയിക്കുന്നു. കുടുംബത്തില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും അപകടം മണത്ത് ഒളിവില്‍ കഴിഞ്ഞിരുന്നെന്നും എന്നാല്‍ ഇങ്ങനെ ഒരു കൊലപാതകം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അമൃത പറയുന്നു. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഗര്‍ഭഛിദ്രം നടത്താന്‍ അച്ഛന്‍ നിര്‍ബന്ധിച്ചിരുന്നതായും അമൃത വെളിപ്പെടുത്തിയിരുന്നു. തന്റെ അച്ഛന് പല രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടെന്നും അച്ഛന്റെ സമ്പാദ്യത്തിനു പിന്നിലെ സ്രോതസ്സുകള്‍ അന്വേഷിക്കണമെന്നും അമൃത ആവശ്യപ്പെട്ടു. അദ്ദേഹം തന്റെ വലിയ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് തനിക്കും പ്രണയിനും പ്രണയിന്റെ കുടുംബത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അമൃത ആരോപിക്കുന്നു. 

Latest News