കുതിച്ചുയരുന്ന പെട്രോള്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ പോലും ഒന്നു ചെയ്യാത്ത ഘട്ടത്തില്‍ വാഹനമോടിക്കുന്നവരെ കെണിയിലാക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചില ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. പെട്രോള്‍ വില കുറയാന്‍ ഒരു സാധ്യതയും കാണാത്ത സാധരണക്കാര്‍ മൈലേജ് കൂട്ടാനുള്ള വഴികളാണ് തേടിക്കൊണ്ടിരിക്കുന്നത്. ഈ അവസരം മുതലെടുത്താണ് ഫ്യൂവര്‍ സേവര്‍ കിറ്റ് എന്ന പേരിലും മറ്റും ഉല്‍പ്പന്നങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധന്‍ സുജിത് കുമാര്‍ ഫേസ്ബുക്കില്‍ നല്‍കിയ മുന്നറിയിപ്പ്:
പെട്രോളിന്റെ വില കൂടിയപ്പോള്‍ മൈലേജ് കൂട്ടുമെന്ന് പറഞ്ഞുകൊണ്ട് ധാരാളം വ്യാജ ഉല്പന്നങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കുന്നുണ്ട്. ദയവായി ഇത്തരം സാധനങ്ങള്‍ വാങ്ങി പോക്കറ്റ് കാലിയാക്കരുത്. വെള്ളത്തെ വാഹനത്തിലെ തന്നെ ബാറ്ററി ഉപയോഗിച്ച് വിഘടിപ്പിക്കുമ്പോള്‍ ലഭിക്കുന്ന ഹൈഡ്രജന്‍ എയര്‍ ഇന്‍ടേക്കിലേക്ക് നല്‍കി ഇന്ധനജ്വലനത്തോത് കൂട്ടി വാഹനത്തിന്റെ മൈലേജ് കൂട്ടുമെന്നൊക്കെയുള്ള ശാസ്ത്രീയ വിശദീകരണത്തില്‍ മനം മയങ്ങി പലരും ഇത്തരം ഉപകരണങ്ങള്‍ വാങ്ങിച്ച് കൂട്ടുന്നുണ്ട്.
ആധുനിക വാഹന എഞ്ചിനുകളെല്ലാം തന്നെ പരമാവധി ഇന്ധനം ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെത്തന്നെ ഡിസൈന്‍ ചെയ്തിട്ടുള്ളതാണ് അതിലേക്ക് അല്പം ഹൈഡ്രജന്‍ കലര്‍ത്തിയതുകൊണ്ട് 50 ശതമാനം മൈലേജ് കൂടുമെന്ന് കരുതരുത്. മാത്രവുമല്ല വെള്ളത്തിലെ ശക്തമായ ഹൈഡ്രജന്‍ ഓക്‌സിജന്‍ ബോണ്ട് തകര്‍ത്ത് ഹൈഡ്രജനെ വേര്‍തിരിക്കാന്‍ നല്ല തോതില്‍ വൈദ്യുതി അത്യാവശ്യമാണ്. അത് എടുക്കേണ്ടി വരുന്നത് വാഹനങ്ങളിലെ ആള്‍ട്ടര്‍നേറ്ററില്‍ നിന്നും. അതിനാല്‍ ആ വഴിക്ക് ഊര്‍ജ്ജ ലാഭമുണ്ടാകുമെന്ന പ്രതീക്ഷ വേണ്ട. ബാറ്ററി ഫുള്‍ ചാര്‍ജ് ആയിരിക്കുന്ന സമയത്ത് ആയിരിക്കും ഓരോരുത്തര്‍ ഇതുപോലെയുള്ള കിറ്റുകള്‍ വാങ്ങി ഫിറ്റ് ചെയ്യുന്നത്.
ബാറ്ററിയില്‍ നിന്നുള്ള ചാര്‍ജ് ഉപയോഗിച്ച് കുറച്ച് ഹൈഡ്രജന്‍ ഉണ്ടാക്കുമ്പോള്‍ ആദ്യ ഉപയോഗത്തില്‍ മൈലേജില്‍ അല്പം വ്യത്യാസം വന്നതായി അനുഭവപ്പെട്ടേക്കാം. ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞ് ആള്‍ട്ടര്‍നേറ്ററില്‍ നിന്നും കറന്റെടുത്ത് ബാറ്ററി ചാര്‍ജ്ജിംഗും ഹൈഡ്രജന്‍ ഉണ്ടാക്കലും കൂടി ആകുമ്പോള്‍ മൈലേജ് പഴയ പടി തന്നെ ആകും. കാശു പോയ ജാള്യതയുള്ളവര്‍ മറ്റുള്ളവരെക്കൂടി കുഴിയില്‍ ചാടിക്കാനായി അനുഭവ സാക്ഷ്യങ്ങളുമായി വരാറുണ്ട്. അതുകൊണ്ട് ഇത്തരക്കാരുടെ കച്ചവടം നഷ്ടത്തിലാകാറില്ല.