ഇന്ത്യക്കാരുടെ നിക്ഷേപ താൽപര്യങ്ങളിൽ മാറ്റം വരുന്നതായി സൂചന. റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിലായിരുന്നു ഏറെപേർക്കും താൽപര്യമെങ്കിൽ ഇപ്പോഴത് നിക്ഷേപങ്ങളിലേക്ക് വഴിമാറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തിയുടെ വളർച്ചക്കും സഹായകരമായിരിക്കുകയാണ്. ബാങ്ക് ഡപ്പോസിറ്റ്, ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട്, ഓഹരി തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. റിയൽ എസ്റ്റേറ്റ് രംഗത്തെ മാന്ദ്യവും സ്വർണ വിലയിലെ ചാഞ്ചാട്ടവുമാണ് പലരേയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുള്ളത്.
ധനകാര്യ ആസ്തികളിൽ കൂടുതൽ നിക്ഷേപമെത്തുന്നത് ബാങ്ക് ഡിപ്പോസിറ്റുകളിലാണ്. 2015-16ൽ 4.8 ശതമാനമായിരുന്ന ബാങ്ക് നിക്ഷേപം 7.3 ശതമാനമായാണ് ഇപ്പോൾ വളർന്നത്. ഓഹരി, മ്യൂച്വൽ ഫണ്ട്, ഡിബഞ്ചർ എന്നിവയിലെ നിക്ഷേപം 2015-16 ലെ 0.3 ശതമാനത്തിൽ നിന്ന് 2016-17 ൽ 2.1 ശതമാനമായി ഉയർന്നു.
ഇൻഷുറൻസ് മേഖലയിലെ നിക്ഷേപങ്ങൾ 2015-16 ൽ 1.9 ശതമാനമായിരുന്നുവെങ്കിൽ ഇപ്പോഴത് 2.9 ശതമാനമാണ്. നിക്ഷേപ മേഖലകൾ വിപുലമാകുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഏറെ ഗുണകരമാണെന്നാണ് ധനകാര്യ നിരീക്ഷകരുടെ വിലയിരുത്തൽ. വളർച്ച കൈവരിച്ചുവെങ്കിലും ഭൂമി, സ്വർണം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ധനകാര്യ ഉൽപ്പന്നങ്ങളിലെ നിക്ഷേപം ചെറുതാണ്.