Sorry, you need to enable JavaScript to visit this website.

കുരുമുളകിന് വിലയിടിവ്; ഏലക്കക്ക് ഉയർച്ച

കൊച്ചി -  ഏലക്ക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരം ദർശിച്ച ആവേശത്തിലാണ്. പ്രതികൂല കാലാവസ്ഥ മൂലം ഏലക്ക ഉൽപാദനം കുറയുമെന്ന വിലയിരുത്തൽ മൂലം കിട്ടുന്ന വിലയ്ക്ക് ഉൽപ്പന്നം ശേഖരിക്കുകയാണ് ഇടപാടുകാർ. വാങ്ങൽ താൽപര്യം ശക്തമായതോടെ കിലോ 2227 രൂപ വരെ കയറി. ഇന്ത്യൻ വിപണിയിലെന്നല്ല  ലോക വിപണിയിൽ തന്നെ ഏലത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഇതിനിടയിൽ പകൽ താപനില ഉയർന്നതോടെ പല ഭാഗങ്ങളിലും ഏലക്ക ചെടികളുടെ നിലനിൽപ്പ് ഭീഷണിയിലാണ്. തുലാവർഷം സാധാരണ നിലയിൽ ലഭ്യമായില്ലെങ്കിൽ ഏലക്ക ക്ഷാമം വരും മാസങ്ങളിൽ രൂക്ഷമാക്കും. കാർഷിക മേഖലകളിൽ സ്‌റ്റോക്ക് നില പരിമിതമാണ്. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ സജീവമാണ്. 
കാർഷിക മേഖലയിൽ നിന്നുള്ള കുരുമുളക് നീക്കം ചുരുങ്ങിയിട്ടും നിരക്ക് ഇടിഞ്ഞു. ഇറക്കുമതി ലോബി സ്‌റ്റോക്കുള്ള വിദേശ ചരക്ക് പരമാവധി വിറ്റുമാറാനുള്ള തിരക്കിട്ട നീക്കത്തിലാണ്. കൂടുതൽ ചരക്ക് എത്തിച്ച് ഇന്ത്യൻ വിപണിയിൽ അവരുടെ സ്വാധീനം ഉയർത്താനും ശ്രമത്തിലാണ്. ടെർമിനൽ മാർക്കറ്റിൽ ഹൈറേഞ്ച്, ഇടുക്കി മേഖലകളിൽ നിന്ന് കുറഞ്ഞ അളവിൽ മാത്രമാണ് കുരുമുളക് വിൽപ്പനക്ക് ഇറങ്ങിയത്. സ്‌റ്റോക്കിസ്റ്റുകൾ മെച്ചപ്പെട്ട വിലയ്ക്ക് വേണ്ടി ശേഷിക്കുന്ന ചരക്ക് നീക്കി വച്ചു. ഉത്തരേന്ത്യയിൽ നിന്ന് ആവശ്യകാർ എത്തുമെന്ന കണക്ക് കൂട്ടലിലാണ് ഒരു വിഭാഗം വ്യാപാരികൾ. അൺ ഗാർബിൾഡ് കുരുമുളക് 38,100 ൽ നിന്ന് 37,300 ലേയ്ക്ക് താഴ്ന്നു. ഗാർബിൾഡ് കുരുമുളക് 39,300 രൂപ. 
നാളികേരോൽപ്പന്നങ്ങൾക്ക് കനത്ത വില തകർച്ച. തമിഴ്‌നാട്ടിലെ വൻകിട മില്ലുകൾ വെളിച്ചെണ്ണ വിറ്റഴിക്കാൻ മത്സരിച്ചതും കൊപ്ര സംഭരണം നിയന്ത്രിച്ചതും വിപണിയെ സമ്മർദ്ദത്തിലാക്കി. ഓണ വേളയിൽ എണ്ണ വിൽപ്പന ചുരുങ്ങിയതാണ് മില്ലുകാരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചത്. സ്‌റ്റോക്ക് നില കുറക്കാൻ കാങ്കയത്തെ പല മില്ലുകളും വില കുറച്ചും ചരക്ക് ഇറക്കി. തമിഴ്‌നാട്ടിലും കൊപ്രയ്ക്ക് ഡിമാണ്ട് മങ്ങിയത് ഉൽപ്പന്നത്തെ  പിരിമുറുക്കത്തിലാക്കി. കാങ്കയത്ത് കൊപ്ര വില ക്വിൻറ്റലിന് 9300 രൂപയായി ഇടിഞ്ഞു. പ്രദേശിക തലത്തിൽ മാസാരംഭ ഡിമാണ്ട് ഉയരാഞ്ഞത് ചെറുകിട വിപണികളിൽ എണ്ണ വിൽപ്പന ചുരുങ്ങാൻ ഇടയാക്കി. മറുവശത്ത് ഇതര പാചകയെണ്ണകളുടെ നിരക്ക് താഴ്ന്നതും വെളിച്ചെണ്ണയുടെ ആകർഷണം കുറച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 15,900 ൽ നിന്ന് 15,200 രൂപയായി. കൊപ്ര വില 10,140 രൂപ. 
ചുക്ക് വില സ്‌റ്റെഡി. ഇഞ്ചിക്ക് വ്യാപകമായതോതിൽ കൃഷിനാശം സംഭവിച്ചതിനാൽ ചുക്ക് ക്ഷാമം രൂക്ഷമാക്കുമെന്നാണ് ഉൽപാദന മേഖലകളിൽ നിന്നുള്ള വിവരം. വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. മീഡിയം ചുക്ക് 17,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,500 രൂപയിലുമാണ്. 
കനത്ത പകൽ ചൂടിനെ തുടർന്ന് റബർ മരങ്ങളിൽ നിന്നുള്ള ഉൽപാദനം ചുരുങ്ങി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ചെറുകിട കർഷകർ ടാപ്പിങിൽനിന്ന് പിൻതിരിഞ്ഞത് വരും ദിനങ്ങളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാക്കും. അതേസമയം ടയർ ലോബി നാലാം ഗ്രേഡ് ഷീറ്റ് വില 13,100 ൽ നിന്ന് 12,900 ലേയ്ക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 12,650 രൂപയിലാണ്.   
കേരളത്തിൽ സ്വർണ വില കയറി ഇറങ്ങി. 22,760 ൽ നിന്ന് 22,840 രൂപ വരെ കയറിയ ശേഷം ശനിയാഴ്ച്ച 22,600 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1192 ഡോളർ. 

Latest News