Sorry, you need to enable JavaScript to visit this website.

ബി.ജെ.പി ലക്ഷ്യമിടുന്നത് ഇരട്ടനേട്ടം; അക്ഷയ് കുമാറിന് പൗരത്വം നല്‍കുമെന്ന് നേതാക്കള്‍

ന്യൂദല്‍ഹി- ചലച്ചിത്ര താരങ്ങളേയും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരേയും അവാര്‍ഡ് ജേതാക്കളേയും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന ബി.ജെ.പി പ്രചാരണം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രം. കനേഡിയന്‍ പൗരത്വമുള്ള ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനു പോലും ടിക്കറ്റ് നല്‍കുമെന്നാണ് വിവിധ നേതാക്കളിലൂടെ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്ന നടന്‍ മോഹന്‍ ലാല്‍ താന്‍ അക്കാര്യം അറിയില്ലെന്നാണ് പ്രതികരിച്ചത്.
ബോളിവുഡ് താരങ്ങള്‍, വിജയിച്ച യുവസംരഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, സ്‌പോര്‍ട്്‌സ് താരങ്ങള്‍, മറ്റു സെലിബ്രിറ്റികള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രചരിപ്പിക്കുന്നത്.
2014 ല്‍ തകര്‍ക്കാന്‍ കഴിയാത്ത പ്രതിരോധങ്ങള്‍ കൂടി തകര്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം 120 മണ്ഡലങ്ങളാണ് ബി.ജെ.പി നോട്ടമിട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനം ഉറപ്പിക്കാന്‍ കഴിയാത്ത മേഖലകളില്‍ ദൗര്‍ബല്യം മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. വിവിധ മേഖലകളില്‍ തിളങ്ങുന്നവര്‍ പാര്‍ട്ടി ബാനറില്‍ മത്സരിക്കുമെന്ന്  പ്രചരിപ്പിക്കുമ്പോള്‍ കൂടുതല്‍ യുവാക്കളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കരുതുന്നു.
പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന വാര്‍ത്തകള്‍ നടന്‍ അക്ഷയ് കുമാര്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും കനേഡിയന്‍ പൗരത്വം സ്വീകരിച്ചിരിക്കുന്ന അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം നല്‍കി മത്സരിപ്പിക്കുമെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.
സെലിബ്രിറ്റികള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും സീറ്റ് നല്‍കുമെന്ന പ്രചാരണം ബി.ജെ.പി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര തലത്തിലും നടന്ന ബി.ജെ.പി യോഗങ്ങളില്‍ സീറ്റ് നല്‍കേണ്ട താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവന്നുവെന്ന വിശദീകരണവും പേരു വെളിപ്പെടുത്താതെ ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചുകൊണ്ടിരിക്കയാണ്. ഇതോടെ പ്രതിപക്ഷ പാര്‍ട്ടികളും താരങ്ങള്‍ക്കു പിന്നാലെ പോകുകയാണ്.
 
 

Latest News