അഗർത്തല- ത്രിപുരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 96 ശതമാനം സ്ഥലത്തും ബി.ജെ.പി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, പതിനെട്ട് ജില്ലാ പരിഷത്ത് സീറ്റുകൾ എന്നിവടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 3207 ഗ്രാമപഞ്ചായത്ത് സീറ്റുകൾ, 161 പഞ്ചായത്ത് സമിതികൾ, 18 ജില്ലാ പരിഷത്ത് സീറ്റുകൾ എന്നിങ്ങനെയാണ് ഈ മാസം 30ന് തെരഞ്ഞെടുപ്പ് നടക്കാനിരുന്നിരുന്നത്. ഇതെല്ലാം ഉപതെരഞ്ഞെടുപ്പുകളുമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ അധികാരമേറ്റതോടെ നേരത്തെ അധികാരത്തിലുണ്ടായിരുന്ന ഇടതുപാർട്ടി പ്രതിനിധികൾ ഒന്നടങ്കം രാജിവെച്ചതും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മരിച്ചതുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 3705 ഗ്രാമപഞ്ചായത്തുകളിലേക്കും 154 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്ത് സീറ്റുകളിലേക്കും ബി.ജെ.പിക്ക് എതിരാളികളില്ല. ആകെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് 132 ഗ്രാമപഞ്ചായത്തുകളിലേക്കും ഏഴ് പഞ്ചായത്ത് സമിതികളിലേക്കും മാത്രമാണ്. നാമനിർദ്ദേശപത്രിക പോലും സമർപ്പിക്കാൻ അനുവദിക്കാതെ വ്യാപകമായ അക്രമമാണ് ബി.ജെ.പി അഴിച്ചുവിട്ടതെന്ന് സി.പി.എമ്മും കോൺഗ്രസും ആരോപിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പോയവരെ വഴിയിൽ തടയുകയും ചെയ്തുവെന്നും പ്രതിപക്ഷം ആരോപിച്ചു. വിവിധയിടങ്ങളിലുണ്ടായ അക്രമത്തിൽ നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ആരോപണം ബി.ജെ.പി നിഷേധിച്ചു. വില കുറഞ്ഞ ആരോപണമാണെന്നും മികച്ച സ്ഥാനാർഥികളെ സി.പി.എമ്മിന് ലഭിച്ചില്ലെന്നും ബി.ജെ.പി വക്താവ് മിർണാൽ കാന്തി വ്യക്തമാക്കി.