Sorry, you need to enable JavaScript to visit this website.

പയറ്റിനോക്കാം 16:8 ഭക്ഷണ നിയന്ത്രണ രീതി

ശരീരഭാരം കുറച്ച് മെലിഞ്ഞ് ഫിറ്റാവുക എന്നത് പുതിയ തലമുറയുടെ ജീവിതലക്ഷ്യം തന്നെ ആയിട്ടുണ്ട്. ഇതിന് സഹായകമായ പലതരത്തിലുള്ള ഭക്ഷണക്രമീകരണ രീതികളും ഇന്ന് പ്രചാരത്തിലുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചുകൊണ്ടും തെരഞ്ഞെടുത്ത ചില ആഹാരപദാര്‍ഥങ്ങള്‍ മാത്രം കഴിച്ചുകൊണ്ടും ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവരും കൂടാതെ വെജിറ്റേറിയന്‍, ഫ്രൂട്ടേറിയന്‍, കീറ്റോ മുതലായ ഭക്ഷണനിയന്ത്രണ രീതികള്‍ പിന്തുടരുന്നവരും ഏറേയാണ്.
 
ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ ആഹാരരീതി തെരെഞ്ഞെടുക്കല്‍ സാങ്കേതിക പുരോഗതിയുടെ ഈ കാലഘട്ടത്തില്‍ ഒട്ടും പ്രയാസകരമല്ല. ഇക്കൂട്ടത്തിലെ സ്വീകാര്യത നേടുന്ന രീതിയാണ് 16:8 ഭക്ഷണനിയന്ത്രണം.

16 മണിക്കൂര്‍ തുടര്‍ച്ചയായി വ്രതമെടുക്കുകയും പിന്നീടുള്ള എട്ട് മണിക്കൂറില്‍ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഈ രീതി. ഉദാഹരണത്തിന് ആഹാരം കഴിക്കുന്ന സമയം രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയള്ള എട്ടു മണിക്കൂര്‍ എന്ന് തീരുമാനിച്ചാല്‍ പിന്നെയുള്ള 16  മണിക്കൂര്‍ നീണ്ട ഉപവാസമാണ്. ആഹാരം കഴിക്കാന്‍ തെരെഞ്ഞെടുത്ത എട്ട് മണിക്കൂറില്‍ രണ്ടു പ്രാവശ്യം ഭക്ഷണം കഴിക്കാം. ബാക്കി സമയം കട്ടന്‍ചായ, കട്ടന്‍കാപ്പി എന്നിവയില്‍ മാത്രം ഒതുക്കുക. ഈ ഭക്ഷണരീതിയിലൂടെ നാം അകത്താക്കുന്ന കലോറിയുടെ അളവ് നിയന്ത്രിക്കാനാകും.

ദഹനപ്രക്രിയയും മറ്റും നന്നായി നടക്കുന്ന പകല്‍സമയത്തെ എട്ട് മണിക്കൂര്‍ ഭക്ഷണം കഴിക്കുന്നതിനായി തെരെഞ്ഞെടുക്കുന്നതാണ്  ഏറ്റവും നല്ലത്. പോഷകഗുണമുള്ള ആഹാരം ഉള്‍പ്പെടുത്താനും ഫാസ്റ്റ്ഫുഡ്, ജങ്ക്ഫുഡ്, കോളകള്‍ മുതലായവ ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ശരീരത്തില്‍ നേരത്തെതന്നെ ശേഖരിച്ചിട്ടുള്ള കൊഴുപ്പിന്റെ അംശം വിവിധ ശാരീരിക രാസപ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കുറച്ചുകൊണ്ടുവരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ആവശ്യത്തില്‍ കുറവ് കലോറി മാത്രമേ ഈ രീതിയിലൂടെ ശരീരത്തില്‍ എത്തുന്നുള്ളു. പ്രമേഹ രോഗികള്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഈ രീതി ഫലപ്രദമാണ്.
ജര്‍ണല്‍ ന്യൂട്രീഷ്യന്‍ ആന്റ് ഹെല്‍ത്ത് ഏജിങ്ങ് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 16:8 ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്ന 23 പേരെ നിരീക്ഷണവിധേയമാക്കുകയുണ്ടായി. ഇവര്‍ രാവിലെ പത്തിനും വൈകുന്നേരം ആറിനുമിടയില്‍ ഭക്ഷണം കഴിക്കുകയും ബാക്കി 16 മണിക്കൂര്‍ ഉപവസിക്കുകയും ചെയ്തവരാണ്. 12 ആഴ്ചകള്‍ക്കുശേഷം സാധാരണഗതിയിലുള്ളതിനേക്കാള്‍ 350 കലോറി കുറവാണ് ഇവരുടെ കലോറി ഉപഭോഗം എന്ന് കണ്ടെത്തി.
ഏത് ഭക്ഷണരീതിയും സ്വീകരിക്കുന്നതിനുമുമ്പ് വിദഗ്‌ദോപദേശം തേടുന്നത് നല്ലതാണ്. തലവേദന, ക്ഷീണം, തളര്‍ച്ച ഇവ അനുഭപ്പെടുന്നുവെങ്കില്‍ മനസ്സിലാക്കുക ഈ രീതി നിങ്ങളുടെ ശരീരത്തിന് യോജിച്ചതല്ലെന്ന്.
 
 

Latest News