ആപ്പിളിന്റെ പുതിയ ഐഫോണ്‍ ടെന്‍ മോഡലിലെ പ്രധാന ഫീച്ചറുകളില്‍ ഒന്നായി എടുത്തു പറയുന്ന ഡ്യുവല്‍ സിമ്മിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ചിരിവരുന്നുണ്ടാകും അല്ലേ. എട്ട് സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാവുന്ന ചൈനിസ് ഫോണുകള്‍ പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചവരുടെ മുന്നിലേക്കാണ് ആപ്പിള്‍ ഇരട്ട
സിമ്മും കൊണ്ട് വരുന്നത് എന്ന് തോന്നിയേക്കാം. എന്നാല്‍ അങ്ങിനെ അല്ല. ആപ്പിള്‍ ഐഫോണ്‍ ടെന്‍ എസ്‌ന്റെ രണ്ടാമത്തെ സിം eSIM ആണ്. അതായത് embedded Subscriber Identification Module. എന്താണ് സാധാരണ സിമ്മും ഇ-സിമ്മും തമ്മിലുള്ള വ്യത്യാസം. പേരില്‍ തന്നെ ഉണ്ടല്ലോ ആ വ്യത്യാസം എംബഡഡ് സിം എന്നാല്‍ മൊബൈല്‍ ഫോണിന്റെ സര്‍ക്കീട്ടുമായി ഇളക്കിമാറ്റാന്‍ കഴിയാത്ത രീതിയില്‍ ബന്ധിക്കപ്പെട്ട സിം ആണിത്.
എന്താണ് ഇ-സിം
സാധാരണയായി ഓരോ സര്‍വീസ് പ്രൊവൈഡറില്‍ നിന്നും കണക്ഷനുകള്‍ എടുക്കുമ്പോള്‍ അവരുടേതായ സിം കാര്‍ഡ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണല്ലോ. എന്നാല്‍ eSIM ല്‍ അതിന്റെ ആവശ്യമില്ല. സര്‍വിസ് പ്രൊവൈഡര്‍മ്മാരെ മാറ്റുമ്പോള്‍ പുതിയ സിംകാര്‍ഡ് ഉപയോഗിക്കാതെ വിവരങ്ങള്‍ ചിപ്പിലേക്ക് പ്രോഗ്രാം ചെയ്ത് ഉപയോഗിക്കാനാകും. ഉദാഹരണമായി വോഡാഫോണില്‍ നിന്നും ജിയോയിലേക്ക് പോര്‍ട്ട് ചെയ്യുന്ന ഒരാള്‍ക്ക് സിം മാറ്റാതെ തന്നെ eSIM ലേക്ക് സര്‍വീസ് പ്രൊവൈഡര്‍ നല്‍കുന്ന വിവരങ്ങള്‍ അവരുടെ ആപ്പുകളിലൂടെയും മറ്റും ചേര്‍ത്ത് മാറാന്‍ കഴിയുന്നു.
ഇന്ത്യയിലെ മിക്ക മൊബൈല്‍ സേവന ദാതാക്കളും ഇ-സിം സപ്പോര്‍ട്ട് ചെയ്യുന്നില്ല. എയര്‍ടെല്ലും ജിയോയും മാത്രമാണ് ഇ-സിം പിന്തുണയ്ക്കുന്നത്. താമസിയാതെ മറ്റുള്ളവരും ഈ വഴി വരും. നിലവില്‍ ഐഫോണിന്റെ പുതിയ ടെന്‍ എസ് സീരീസിലും ഗൂഗിള്‍ പിക്‌സല്‍-2 വിലും മാത്രമാണ് ഇ-സിം സംവിധാനം ഉള്ളത്.
ഇ-സിം കൊണ്ടുള്ള പ്രയോജനങ്ങള്‍?
1. സര്‍വീസ് പ്രൊവൈഡറെ മാറ്റാന്‍ സിം കാര്‍ഡുകള്‍ സൂക്ഷിച്ചു വച്ചും മറ്റും ഇടയ്ക്കിടയ്ക്ക് മാറ്റേണ്ട അവസ്ഥ വരുന്നില്ല. ജി എസ് എം അസോസിയേഷന്‍ അംഗീകരിച്ച ഇ-സിം സര്‍വീസ് ലോകമെമ്പാടുമുള്ള എല്ലാ മൊബൈല്‍ സേവനദാതാക്കളും നടപ്പില്‍ വരുത്തുമ്പോള്‍ ക്രമേണ പരമ്പരാഗത സിം കാര്‍ഡുകള്‍ ഒരു ചരിത്രമായി മാറും.
2. സിം കാര്‍ഡ് സ്ലോട്ട് എന്ന സംവിധാനം മൊബൈല്‍ ഫോണുകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുന്നു. സിം കാര്‍ഡ് ഇടാനും എടുക്കാനുമൊക്കെയുള്ള സംവിധാനങ്ങള്‍ മൊബൈല്‍ ഫോണുകളുടെ വാട്ടര്‍ പ്രൂഫിംഗ് / ഡസ്റ്റ് പ്രൂഫിംഗ് നിബന്ധനകള്‍ (IP67/68) പാലിക്കുന്നതില്‍ നിന്നും പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. ഇ-സിം സര്‍ക്കീട്ട് ബോഡിന്റെ തന്നെ ഭാഗമായതിനാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകുന്നു.
3. 5 ജി യുഗത്തില്‍ ഓരോരുത്തര്‍ക്കും ഓരോ മൊബൈല്‍ നമ്പര്‍ എന്നതുപോലെ ഉപകരണത്തിനും സ്വന്തമായ ഐഡന്റിറ്റി അഥവാ നമ്പരുകള്‍ ഉണ്ടാകും എന്ന സ്ഥിതിവിശേഷമാണ് വരാന്‍ പോകുന്നത് എന്നതിനാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലെല്ലാം തന്നെ എളുപ്പത്തില്‍ പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന ഇ-സിം ആയിരിക്കും കൂടുതല്‍ സൗകര്യപ്രദം.