1. വ്യത്യസ്ത വ്യക്തിത്വങ്ങളാകയാൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ പൊരുത്തക്കേടും സംഘർഷവും വന്നെത്താനുള്ള സാധ്യത ഇരുവരും തിരിച്ചറിയുക. പ്രശ്‌നത്തിന്റെ കാരണങ്ങളറിഞ്ഞ് തുടക്കത്തിൽ തന്നെ പരിഹാരം കാണാൻ ശ്രമിക്കുക.
2. കുറ്റാരോപണങ്ങൾ നിർത്തി, കഴിഞ്ഞകാല അനുഭവങ്ങളോ പണ്ട് പറഞ്ഞ വാക്കുകളോ പ്രസ്താവനകളോ നുള്ളിപ്പെറുക്കിയെടുക്കാതെ, പ്രശ്‌ന പരിഹാരത്തിന് മുതിരുക.
3. പരിഹാരം കാണേണ്ട പ്രശ്‌നത്തെ വേർതിരിച്ച് കാണുക. വിശകലനം ചെയ്യുക. ഒരു പ്രശ്‌നത്തേയോ സംഭവത്തേയോ പഴയ കാര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ കൂടുതൽ സങ്കീർണമാവുന്നു. ഒരു പ്രശ്‌നത്തെ യുക്തിയോടെ വിശകലനം നടത്തി പരിഹരിക്കാനുള്ള സാധ്യതകൾ ആരായുന്നതാണ് ഉചിതം.
4. വഴക്കുകൾക്കിടയിലെ കാലതാമസം ഒഴിവാക്കി, പരിഹാര മാർഗത്തിൽ ഒരു പൊതുതീരുമാനത്തിൽ ഇരുവരും എത്തുക. അത് നടപ്പിൽ വരുത്താൻ ശ്രമിക്കുക. വീഴ്ചകൾ തിരിച്ചറിഞ്ഞാൽ ആവർത്തിക്കാതിരിക്കുക.
5. ഒന്നിച്ചെടുത്ത പ്രശ്‌നപരിഹാര മാർഗം ഭാര്യയോ ഭർത്താവോ ലംഘിക്കുന്നുവെങ്കിൽ പ്രകോപിതരാകാതെ വീണ്ടും സംസാരിച്ച് ശ്രമം തുടരുക. തുടർ നീക്കങ്ങൾ അനുകൂലമായ വിധം ഇരുവരിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്.
6. പ്രശ്‌നപരിഹാരം സാധ്യമാവുമ്പോൾ പരസ്പരം നന്ദിയുള്ളവരാകണം. ഭാര്യയിൽ നിന്നോ ഭർത്താവിൽ നിന്നോ പരിഹാര ശ്രമമുണ്ടാകുമ്പോൾ, പരിഹാരം സാധ്യമായിത്തുടങ്ങുമ്പോൾ ജീവിത പങ്കാളിയെ നന്ദിയറിയിക്കണം.
7. വേർപിരിഞ്ഞിരിക്കുന്നവരാകയാൽ ഭാര്യാ ഭർത്താക്കന്മാരുടെ കലഹങ്ങളിൽ കുടുംബാംഗങ്ങളുടെ ഇടപെടലുണ്ടാവുന്നത് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. പലപ്പോഴും കുടുംബാംഗങ്ങൾ അതിവൈകാരികതയിൽ ഇടപെടുന്നത് പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
8. ഭാര്യയോ ഭർത്താവോ അങ്ങോട്ടുമിങ്ങോട്ടും കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തരുത്. അത് പ്രശ്‌നത്തെ മറ്റ് പലരിലേക്കും വ്യാപിക്കാനാണ് വഴിയൊരുക്കുന്നത്.
9. പ്രശ്‌ന പരിഹാരത്തിന് പരസ്പരം വീണ്ടും വീണ്ടും മനസ്സ് തുറന്ന് സംസാരിക്കുക. തുറന്നുപറച്ചിൽ വൈകാരിക പ്രകടനത്തിനുള്ള മാർഗമാക്കരുത്. പ്രശ്‌നപരിഹാരത്തിനുള്ള വഴിയൊരുക്കാൻ യുക്തിയോടെ എഴുത്തുകുത്തുകൾ നടത്തുക.
10. തെറ്റ് പറ്റിയാൽ ഏറ്റ് പറയുന്നതിനും പരിഹാരമാർഗം ഒന്നിച്ച് തീരുമാനിക്കുന്നതിനും പരിഹാരത്തിലേക്കുള്ള ഓരോ ഘട്ടവും വിശകലനം ചെയ്യുക.