ബംഗളൂരു- സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരേയും ബാധിക്കുകയാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് പൈലറ്റുമാരെ ഗുരതരമായി ബാധിക്കുന്നുണ്ട്. വലിയ അപകടങ്ങള്‍ക്കു പോലും ഇത് കാരണമാകും.
പൈലറ്റുമാരുടെ ഈ സ്വഭാവം തടയുന്നതിന് അടിയന്തര സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയറോസ്‌പേസ് മെഡിസിന്റെ 57 ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആവശ്യമായ സമയം ഉറങ്ങാത്തെ പൈലറ്റുമാരെ വിമാനങ്ങള്‍ പറത്തുന്നതില്‍നിന്ന് തടയുന്നതിനുള്ള സംവിധാനം കണ്ടെത്താന്‍ വ്യോമസേനാ മേധാവി എയറോസ്‌പേസ് മെഡിസിന്‍ വിദഗ്ധരെ ആഹ്വാനം ചെയ്തു.
താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുന്ന വേനല്‍ക്കാലത്താണ് മതിയായ തോതില്‍ ഉറങ്ങാത്ത പൈലറ്റുമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വേനല്‍ക്കാലങ്ങളില്‍ അതിരാവിലെയാണ് വ്യോമസേനാ പൈലറ്റുമാര്‍ക്ക് വിമാനങ്ങള്‍ പറത്തേണ്ടി വരാറുള്ളത്. രാവിലെ ആറ് മണിക്ക് ബ്രീഫിംഗിന് എത്തേണ്ട പൈലറ്റുമാര്‍ നേരത്തെ ഉറങ്ങേണ്ടതുണ്ട്. എന്നാല്‍ പല പൈലറ്റുമാരും രാത്രി വൈകിയും സോഷ്യല്‍ മീഡയയില്‍ സജീവമാണെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കം തൂങ്ങുന്ന പൈലറ്റുമാര്‍ അപകടത്തിനു കാരണമാകുന്നുണ്ടെന്നും രാജസ്ഥാനിലെ ഉത്തര്‍ലായി എയര്‍ബേസിലുണ്ടായ അപകടം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.