ന്യൂദൽഹി- ഐ.എസ്.ആർ.ഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണന് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധി. കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹരജിയിലാണ് വിധി. ഇതിന് പുറമെ സിബി മാത്യൂസ് ഉൾപ്പടെ ഉള്ള ഉദ്യോഗസ്ഥർക്ക് എതിരെ സുപ്രീം കോടതി അന്വേഷണത്തിനും ഉത്തരവിട്ടു. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഡി കെ ജെയിൻന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. അന്നത്തെ ഡി.ജി.പി സിബി മാത്യൂസ്, പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ ജോഷ്വ, എസ്. വിജയൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നമ്പി നാരായണൻ ഹരജി നൽകിയത്. 24 വർഷത്തെ പഴക്കമാണ് കേസിനുള്ളത്. വിധിയെ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് വ്യക്തമാക്കി. യുക്തിരഹിതമായ വിധി എന്നാണ് കെ. കെ ജോഷ്വയുടെ പ്രതികരണം. തന്നെ അനാവശ്യമായി വലിച്ചിഴച്ചതാണെന്നം അദ്ദേഹം പറഞ്ഞു.