Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സിം കാര്‍ഡ് വാങ്ങുമ്പോള്‍ ജാഗ്രത വേണം; പ്രവാസിക്കുണ്ടായ ദുരനുഭവം

ജിദ്ദ-സൗദിയില്‍ മൊബൈല്‍ നമ്പറുകള്‍ ഇഖാമയുമായും വിരലടയാളവുമായും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇവ നല്‍കാതെ തന്നെ സിം കാര്‍ഡുകള്‍ ലഭ്യമാണ്. മെബൈല്‍, നെറ്റ് സിം കാര്‍ഡുകള്‍ അധിക തുക ഈടാക്കിയാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.
പുതിയതും പഴയതുമായ ടെലിക്കോം കമ്പനികളുടെ സിം കാര്‍ഡുകള്‍ അനധികൃതമായി വാങ്ങി ഉപയോഗിക്കുന്ന പ്രവാസികള്‍ ധാരാളമാണ്. ലഭ്യമായ സിം കാര്‍ഡ് ആരുടെ പേരിലാണെന്ന് പരിശോധിച്ചാല്‍ ഏതെങ്കിലും രാജ്യക്കാരന്റെ പേരിലായിരിക്കും. ചിലപ്പോള്‍ അവര്‍ സൗദിയില്‍നിന്ന് എക്‌സിറ്റില്‍ പോയവരായിരിക്കും.
സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും നേരത്തെ ഇഖാമ നമ്പര്‍ നല്‍കേണ്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. എല്ലാ നമ്പറുകള്‍ക്കും ഫിംഗര്‍ പ്രിന്റ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്ന നിഗമനത്തിലാണ് അധികൃതര്‍ പിന്നീട് റീചാര്‍ജ് ചെയ്യാന്‍ ഇഖാമ നമ്പര്‍ വേണമെന്ന നിബന്ധന പിന്‍വലിച്ചത്.
ടെലിക്കോം കമ്പനികളുടെ ഔദ്യോഗിക സ്റ്റാളുകളില്‍നിന്നല്ലാതെ ഒരിക്കലും സിം കാര്‍ഡുകള്‍ വാങ്ങരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഒരു പ്രവാസി. ഇങ്ങനെ സിം വാങ്ങിയ ഒരു ഫിലിപ്പിനോ തനിക്കുണ്ടായ ദുരനുഭവം സൗദി-എക്‌സ്പാട്രിയേറ്റ്‌സ് ബ്ലോഗിലാണ് പങ്കുവെച്ചത്.
കമ്പനി കരാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോകാനൊരുങ്ങിയപ്പോഴാണ് ജിദ്ദയില്‍ താമസിച്ചിരുന്ന ആല്‍വിന്‍ എന്ന ഫിലിപ്പിനോ സി.ഐ.ടി.സിയുടെ സൈറ്റില്‍ കയറി തന്റെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ ഉണ്ടെന്ന് പരിശോധിച്ചത്. ഇയാളുടെ ഇഖാമ നമ്പറില്‍ 11 സിം കാര്‍ഡുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരു മൊബൈലി പ്രി പെയ്ഡ് സിം മാത്രമാണ് ആല്‍വിന്‍ ഉപയോഗിച്ചിരുന്നത്. സമീപത്തെ മൊബൈലി ഓഫീസില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ നാല് മൊബൈലി പോസ്റ്റ് പെയ്ഡ് സിമ്മുകളാണ് ഇയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒന്നില്‍ 250 റിയാലിന്റെ ബില്‍ അടക്കാനുണ്ടായിരുന്നു. അടച്ചില്ലെങ്കില്‍ ഓരോ മാസവും തുക വര്‍ധിക്കുമെന്ന് മൊബൈലി ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. തുക അടക്കാതെ സിം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യാനാവില്ലെന്നും എക്‌സിറ്റില്‍ പോകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ തടയുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് 250 റിയാലിന്റെ ബില്‍ അടച്ചു.
സെയിന്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ചെന്നപ്പോള്‍ ആല്‍വിന്റെ പേരില്‍ ആറ് പോസ്റ്റ് പെയ്ഡ് സിമ്മുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവ ക്യാന്‍സല്‍ ചെയ്യാന്‍  85 റിയാലാണ് വേണ്ടിവന്നത്. താന്‍ ഉപയോഗിച്ചതല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഖാമയിലാണെന്നും എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുമെന്നുമായിരുന്നു സെയിന്‍ കസ്റ്റമര്‍ കെയര്‍ ഓഫീസറും പറഞ്ഞത്.
ഔദ്യോഗികമല്ലാത്ത സ്റ്റാളിനു പുറത്ത് ഫിംഗര്‍ പ്രിന്റ് നല്‍കി സിം കാര്‍ഡ് എടുത്തതാണ് തന്റെ ഫിംഗര്‍ പ്രിന്റ് ദുരുപയോഗം ചെയ്യാന്‍ കാരണമെന്ന് ആല്‍വിന്‍ പറയുന്നു. അവര്‍ക്ക് ലഭിച്ച കമ്മീഷനേക്കാള്‍ കൂടുതല്‍ തുക തനിക്ക് നഷ്ടമായെന്ന് ആല്‍വിന്‍ പരിതപിക്കുന്നു.
ഇഖാമ കോപ്പി ഒരിടത്തും കളയരുതെന്നും ഔദ്യോഗിക ഓഫീസുകളില്‍ മാത്രമേ പകര്‍പ്പുകള്‍ നല്‍കാവൂയെന്നുമാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം നിര്‍ദേശിക്കുന്നത്.
ഒരാളുടെ ഫിംഗര്‍ പ്രിന്റില്‍ രണ്ട് മൊബൈല്‍ കണക്്ഷനുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥയെങ്കിലും ഇതൊക്കം ലംഘിക്കപ്പെടുന്നുണ്ട്. പരസ്യമായല്ലെങ്കിലും ഇപ്പോഴും വിവിധ കമ്പനികളുടെ മൊബൈല്‍ സിം കാര്‍ഡുകള്‍ കടകളില്‍ വില്‍ക്കപ്പെടുന്നു.

Latest News