Sorry, you need to enable JavaScript to visit this website.

മല്യയുടെ വെളിപ്പെടുത്തല്‍, രാജന്റെ റിപോര്‍ട്ട്: വെട്ടിലായത് മോഡി സര്‍ക്കാര്‍

ന്യുദല്‍ഹി- കള്ളപ്പണത്തിനും കള്ളപ്പണക്കാര്‍ക്കുമെതിരെ കര്‍ക്കശമായി നിലപാടെടുക്കുന്നുവെന്ന് പ്രചരാണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കെ പുതിയ വെളിപ്പെടുത്തലുകള്‍ വെട്ടിലാക്കിയിരിക്കുകയാണ്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ പറ്റിച്ച് വന്‍ വായ്പകള്‍ തരപ്പെടുത്തിയ ഉന്നതരായ വ്യവസായികളുടെ പേരു വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ റിപോര്‍ട്ട് പുറത്തുവന്നതിനു തൊട്ടു പിറകെയാണ് ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ അടിത്തറയിളക്കുന്ന സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ബങ്ക് തട്ടിപ്പു വീരന്‍ മദ്യ വ്യവസായി വിജയ് മല്യ രംഗത്തെത്തിയത്. ഇതോടെ തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 9,000 കോടി രൂപയുടെ ഭീമന്‍ വായ്പാ തിരിച്ചടവ് മുടക്കിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ പിടികൂടാനിരുന്ന മല്യ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടു സംസാരിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വന്ന രഹസ്യം. 

ഇതു സംബന്ധിച്ച് സ്വതന്ത്ര അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കോളിളക്കത്തിന് മല്യയുടെ വെളിപ്പെടുത്തല്‍ കാരണമാകുമെന്ന് ഉറപ്പായി. ഉന്നതരായ ബാങ്ക് തട്ടിപ്പുകാരുടെ വിവരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന വിജയ് മല്യ രാജ്യം വിടുന്നതിനു മുമ്പ് ധനമന്ത്രിയെ കണ്ടത് എന്തിനാണെന്ന് സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും. വമ്പന്‍ സ്രാവുകളായ തട്ടിപ്പുകാര്‍ക്ക് ബി.ജെ.പിയുമായും കേന്ദ്ര സര്‍ക്കാരുമായു ഉറ്റബന്ധമുണ്ടെന്ന നിരന്തര അരോപണം നിലനില്‍ക്കെയാണ് പുതിയ വിവാദവും ഉയരുന്നത്. നേരത്തെ 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വെട്ടിച്ച് രാജ്യം വിട്ട വജ്രവ്യവയാസി നീരവ് മോഡി രാജ്യം വിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തു വന്നതും ഏറെ ചര്‍ച്ചയായതാണ്.

രാജ്യസഭാംഗമായിരുന്ന മല്യക്ക് രാജ്യം വിടാന്‍ ഉന്നതര്‍ തന്നെ സൗകര്യമൊരുക്കി നല്‍കിയെന്ന ആരോപണത്തിന് പിന്‍ബലമേകുന്നതാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. 2016ലാണ് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോയത്. പോകുന്നതിനു മുമ്പ് പാര്‍ലമെന്റിന്റെ ഇടനാഴിയില്‍ വച്ച് ഒരു നിമിഷത്തേക്കു കണ്ടുവെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി മറുപടി നല്‍കിയത്. എന്നാല്‍ തന്റെ വായ്പ വിഷയം തീര്‍പ്പാക്കുന്നതു സംബന്ധിച്ചു സംസാരിച്ചുവെന്ന് മല്യയും പറയുന്നു. മല്യ രാജ്യം വിടുന്നതിനു മുന്നോടിയായി വഴിയൊരുക്കിക്കൊടുത്തതിലും കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഈ വിഷയം ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയും നേരത്തെ ഉന്നയിച്ചിരുന്നു.

മല്യ രാജ്യത്തിനു പുറത്തു പോകുന്നതു തടയാന്‍ അന്വേഷണ ഏജന്‍സികള്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇതു മറികടന്നാണ് മല്യം പുറത്തു പോയത്. ഇതിന് ആരാണ് സൗകര്യമൊരുക്കിക്കൊടുത്തതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ഈ ചോദ്യം വീണ്ടും ഉയരുകയാണ്. മല്യയ്‌ക്കെതിരെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് ഉണ്ടായിരുന്നു. രാജ്യം വിടുന്നത് തടയുക എന്നായിരുന്നു ഇത്. എന്നാല്‍ തടയുക എന്നതിനു പകരം വിവരം അറിയിക്കുക എന്നാക്കി മാറ്റിയതാണ് മല്യയ്ക്ക് വിദേശത്തേക്ക് കടക്കാന്‍ വഴിയൊരുക്കിയത്. ലുക്കൗട്ട് നോട്ടീസിലെ തടയുക എന്നതിനു പകരം വിവരം അറിയിക്കുക എന്നാക്കി മാറ്റിയതിനു പിന്നില്‍ ധമന്ത്രാലയത്തിനു പങ്കുണ്ടെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണം.  


 

Latest News